വളാഞ്ചേരി കാട്ടിപ്പരുത്തി സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യുന്നു.

വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം – മന്ത്രി രാജൻ
വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന് വകുപ്പ് മന്ത്രി കെ. രാജൻ. സങ്കടങ്ങളും പ്രയാസങ്ങളും കുത്തിക്കുറിച്ച കുറിപ്പടികളുമായി ഓഫീസിലേക്കു കയറിവരുന്ന സാധാരണക്കാരന്റെ ആവശ്യങ്ങൾ അപേക്ഷകളുടെ പ്രാധാന്യത്തിനനുസരിച്ച് പരിഹരിച്ചു നൽകുകയുംകൂടി ചെയ്യുമ്പോഴേ എല്ലാം സ്‌മാർട്ടാകുകയുള്ളൂവെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. വളാഞ്ചേരിയിലെ കാട്ടിപ്പരുത്തി സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. കെ.ടി. ജലീൽ എം.എൽ.എ., വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, കളക്ടർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ സരിൻ, സലാം വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ ദീപ്തി ശൈലേഷ്, എൻ. വേണുഗോപാലൻ, അഷറഫലി കാളിയത്ത്, പി. രാജൻ നായർ, റംല മുഹമ്മദ്, കെ.കെ. ഉമ്മർബാവ, കെ.കെ. ഫൈസൽ തങ്ങൾ, സി.കെ. നാസർ, പി.പി. ഗണേശൻ, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർ എം. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ ആകെയുള്ള ഒൻപത് വില്ലേജ് ഓഫീസുകളിൽ എട്ടെണ്ണവും സ്‌മാർട്ട് ഓഫീസുകളായെന്നും റെയിൽവേലൈനിന് അരികിലുള്ള കുറ്റിപ്പുറം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുള്ളതാണ് തടസ്സമെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചടങ്ങിൽ അധ്യക്ഷതവഹിച്ച നിയോജകമണ്ഡലം എം.എൽ.എ. ആബിദ്ഹുസൈൻ തങ്ങൾ പറഞ്ഞു.
