താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം; സഹായിയായ യുവാവ് കസ്റ്റഡിയിൽ.

താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.
എടവണ്ണ സ്വദേശി റഹിം അസ്ലമാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് ഇയാളാണ്. മുംബയിൽ നിന്ന് മടങ്ങിയ ഇയാളെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി അന്വേഷണം സംഘം ഇന്ന് കേരളത്തിലെത്തും. ഇന്നലെ വൈകിട്ടോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തും. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്നലെ പുലർച്ചെയോടെ കണ്ടെത്തിയത്. തുടർന്ന് കൊണ്ടുവരാനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. ഉച്ചയോടെ സംഘം കുട്ടികൾക്ക് അടുത്തെത്തി. കുട്ടികൾ വന്നതിനുശേഷം മറ്റ് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.മുംബയിലെ ബ്യൂട്ടിപാർലറിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ബ്യൂട്ടിപാർലറിൽ എത്തുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു. മക്കളെ കണ്ടെത്തിയതിൽ ഏറെ ആശ്വാസം ഉണ്ടെന്നും മകളുമായി ഫോണിൽ സംസാരിച്ചതായും പെൺകുട്ടികളുടെ കുടുംബം പ്രതികരിച്ചു.
