കൊടുംചൂടിൽ റമദാനെത്തി; ആശ്വാസം പകരാൻ തണ്ണിമത്തൻ

തേഞ്ഞിപ്പലം: റമദാൻ എത്തിയതോടെ തണ്ണിമത്തൻ വിപണി സജീവം. നോമ്പിന്റെ ക്ഷീണമകറ്റാൻ തണ്ണിമത്തനോളം വരുന്ന പഴങ്ങൾ കുറവാണ്. ഇത്തവണ നോമ്പ് കടുത്ത വേനലിൽ ആയതിനാൽ ‘വത്തക്ക’ക്ക് പതിവിലേറെ ഡിമാന്റുണ്ട്. തമിഴ്നാട് ഡിണ്ടി വനം മേഖലയിൽ നിന്നുള്ള തണ്ണിമത്തൻ വറൈറ്റിക്കാണ് പ്രിയം. ഗുണനിലവാരമുള്ള ഇനത്തിലുള്ള ഇതിന് കേരളത്തിൽ 24 മുതൽ 28 രൂപ വരെയാണ് കിലോക്ക് വില.
സ്വാദ് കുറവുള്ള മറ്റ് ഇനങ്ങൾക്ക് ഇതിലും കുറവുണ്ട്. ചെന്നൈക്ക് അടുത്ത് ഡിണ്ടി വനത്തിൽനിന്ന് ടൺ കണക്കിന് തണ്ണിമത്തനാണ് കേരളത്തിലേക്കെത്തുന്നത്. മൈസൂരിൽനിന്നും കേരളത്തിലേക്ക് തണ്ണിമത്തൻ എത്തുന്നുണ്ട്. എന്നാൽ ഡിണ്ടി വനത്തിൽ നിന്നുള്ളവക്ക് സ്വാദ് കൂടുതലാണ്. ഇതാണ് പ്രിയമേറാൻ കാരണം. ഇത്തവണ ഉൽപാദനം കൂടുതലായതിനാൽ വരുംദിനങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഏപ്രിൽ അവസാനം വരെയാണ് സീസൺ.
തണ്ണിമത്തനുകളിൽ ചുവപ്പ് നിറം കൂടാൻ രാസവസ്തുക്കൾ കുത്തിവെക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നും തണ്ണിമത്തനുകൾക്ക് ചെറിയ കേടുപാട് സംഭവിച്ചാൽ പോലും ഉടൻ ചീഞ്ഞു പോകുമെന്നതിനാൽ ശാസപ്രയോഗം അടിസ്ഥാന രഹിതമാണെന്നാണ് വ്യാപാരികളുടെ പക്ഷം. ഗുണനിലവാരമുള്ള തണ്ണിമത്തനുകൾക്ക് സ്വാഭാവികമായും നല്ല നിറമുണ്ടാകുമെന്നും കർഷകരും വ്യാപാരികളും പറയുന്നു. പ്രാദേശിക തലത്തിലും വത്തക്ക കൃഷി വിജയകരമായതായി റിപ്പോർട്ടുകളുണ്ട്.
