സർക്കാർ നിർദ്ദേശം പാലിക്കാതെ അധികാരികൾ.

എടപ്പാൾ : ഒരുമരം മുറിച്ചാൽ പത്തുമരം നടണം.. സർക്കാർ അടുത്തിടെ ഇറക്കിയ ഉത്തരവിലെ വാചകമാണിത്. ഈ നിർദേശം പാലിക്കാത്തതിനെതിരേ നടപടിയെടുക്കാനുദ്ദേശിക്കുന്ന അധികാരികൾ ആദ്യമെത്തേണ്ടിടമാണ് എടപ്പാൾ. നിരനിരയായി കരുത്തുറ്റ ഇരുമ്പകമരങ്ങളുടെ തണൽവിരിച്ച എടപ്പാളിൽനിന്ന് പട്ടാമ്പിയിലേക്കുള്ള പാതയിപ്പോൾ കടുത്ത വെയിലിന്റെ കാഠിന്യത്തിലുരുകുകയാണ്.
ടൗണിന്റെ വളർച്ചക്കൊപ്പമുയർന്ന വ്യാപാരസൗധങ്ങൾക്ക് കാഴ്ചയൊരുക്കാനായി മുൻപിൽനിന്ന മരങ്ങളെല്ലാം ഉണക്കിമുറിച്ചതിന്റെ ശേഷിപ്പാണ് ഈ വെയിൽ.
ഓരോ വ്യാപാരസമുച്ചയങ്ങളുടെയും വളർച്ചക്കൊപ്പം മുന്നിലുള്ള മരത്തിനും ഉണക്കം ബാധിച്ചുതുടങ്ങും. ഉണക്കം വ്യാപിക്കുന്നതോടെ കെട്ടിടത്തിന് ഭീഷണിയാണെന്ന് കാണിച്ച് പരാതിയുയരും. അതോടെ വനംവകുപ്പടക്കമുള്ള അധികാരികളെത്തി മരത്തിന് വധശിക്ഷ വിധിക്കും.
ഏതാനും വർഷങ്ങളായി ഈ റോഡിൽ നടക്കുന്ന നാടകത്തിന്റെ തിരക്കഥയാണിത്. വിവിധ രാസപദാർത്ഥങ്ങളൊഴിച്ചും കമ്പിയടിച്ചു കയറ്റിയും മരത്തിന്റെ കടക്കൽ മാലിന്യമിട്ട് കത്തിച്ചുമൊക്കെയാണ് ഈ അവസ്ഥയിലേക്ക് മരങ്ങളെയെത്തിക്കുന്നത്.
15-ഓളം മരങ്ങളാണ് ഈ റോഡിൽനിന്ന് ചുരുങ്ങിയ കാലംകൊണ്ട് അപ്രത്യക്ഷമായത്. കേടായതോ നശിക്കാറായതോ ഒന്നുമല്ല. നൂറ്റാണ്ടുകൾ ആയുസ്സുള്ള മരമാണ് ഇരുമ്പകം.
ഒരു കേടുമില്ലാതെ തലയുയർത്തി നിന്നവ. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിൽക്കുന്ന അധികം പ്രായമില്ലാത്ത ഒരുമരത്തിനാണ് ഉണക്കം ബാധിച്ചിട്ടുള്ളത്. അടുത്തുതന്നെ അതിനും വധശിക്ഷ ലഭിക്കും. നടപടിയെടുക്കാൻ ബാധ്യതപ്പെട്ടവരുടെയെല്ലാം സമ്മതത്തോടെ അടുത്തദിനം അതും ഒരുപിടി ചാരമായി മാറും.
