ഫോട്ടോഷോപ്പ് ഇനി ഐഫോണിൽ, അതും സൗജന്യമായി; ലക്ഷ്യം പുതിയ തലമുറ.

ഏറ്റവും ജനപ്രിയമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് അഡോബിന്റെ ഫോട്ടോഷോപ്പ്. എഐ ഫീച്ചറടക്കം ഉൾപ്പെടുത്തിയുള്ള ഫോട്ടോഷോപ്പ് ഇപ്പോൾ ഐഫോണിലും ഉപയോഗിക്കാൻ സാധിക്കും. ഫോട്ടോഷോപ്പിന്റെ ബേസിക് ഫീച്ചറുകൾ സൗജന്യമായും പ്രീമിയം എഡിഷൻ മാസം 7.99 ഡോളർ നൽകിയും ഉപയോഗിക്കാൻ സാധിക്കും.
നേരത്തെ ഐപാഡുകളിൽ സമാനമായ രീതിയിൽ ഫോട്ടോഷോപ്പ് പ്രവർത്തനം ലഭിച്ചിരുന്നു. 9.99 ഡോളറായിരുന്നു ഐപാഡിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് നൽകേണ്ട തുക. ഫോട്ടോഷോപ്പിന്റെ ഔദ്യോഗിക ആപ്പ്, ആപ്പ് സ്റ്റോറിൽ ഇതിനോടകം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് ഫോട്ടോഷോപ്പിന്റെ മൊബൈൽ വേർഷൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഷോപ്പിന് സമാനമായ ഇൻ-ബിൽറ്റ് ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങൾ ഫോണുകളിൽ തന്നെ നിലവിൽ ലഭ്യമാണ്. ഇതുകൂടി മുൻനിർത്തിയാണ് ഫോട്ടോഷോപ്പ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. ലെയർ എഡിറ്റിംഗ്, മാസ്‌കിംഗ്, ടെക്സ്റ്റ് ടൂളുകൾ ഫോട്ടോഷോപ്പിന്റെ സൗജന്യ മൊബൈൽ പതിപ്പിൽ ലഭ്യമാണ്. ഫോണുകൾ പ്രാഥമിക എഡിറ്റിംഗ് ഉപകരണമായി ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ക്രിയേറ്റർമാർക്കായിട്ടാണ് മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തതെന്ന് അഡോബിന്റെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപ സുബ്രഹ്‌മണ്യം പറഞ്ഞു.
