IndiaPUBLIC INFORMATION

എല്ലാഇന്ത്യക്കാര്‍ക്കും പെൻഷൻ; ‘സാര്‍വ്വത്രിക പെൻഷൻ’ പദ്ധതി വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്നസാർവ്വത്രിക പെൻഷൻപദ്ധതികേന്ദ്രസർക്കാർകൊണ്ടുവരാനൊരുങ്ങുന്നു.നിലവില്‍ നിർമാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവർ തുടങ്ങിയവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നതെന്നാണ് വിവരം. അസംഘടിത മേഖലയിലുള്ളവർക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്ബളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

പുതിയ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെൻഷൻ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പോലുള്ളവയില്‍നിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതിയെന്നാണ് സൂചന. പദ്ധതിയില്‍ നിർബന്ധിതമായി ചേരേണ്ടതില്ല എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച്‌ 60 വയസാകുമ്ബോള്‍ മാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. എന്നാല്‍ ഇ.പി.എഫ് പോലെ ഇതിന് സർക്കാർ വിഹിതം ഉണ്ടായേക്കില്ല എന്നാണ് പ്രാഥമിക വിവരം.

പലമേഖലയിലുള്ളവർക്കായി കേന്ദ്രസർക്കാർ ചില പെൻഷൻ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇവയെ ലയിപ്പിച്ച്‌ ഒറ്റപ്പദ്ധതി ആക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് പകരമായി ഇതിനെ അവതരിപ്പിക്കില്ല. നിക്ഷേപകന് 60 വയസ് തികയുമ്ബോള്‍ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കുന്ന അടല്‍ പെൻഷൻയോജന, വഴിയോര കച്ചവടക്കാർ, വീട്ടുജോലിക്കാർ, മറ്റു തൊഴിലാളികള്‍ എന്നിവർക്കുള്ള പി.എം-എസ്.വൈ.എം എന്നിങ്ങനെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നിലവില്‍ സർക്കാരിന്റെ നിരവധി പെൻഷൻ പദ്ധതികളുണ്ട്. നിക്ഷേപകന് 60 വയസ് കഴിഞ്ഞാല്‍ മാസം 3000 രൂപ ലഭിക്കുന്ന, കർഷകർക്കുള്ള പ്രധാൻമന്ത്രി കിസാൻ മന്ദൻ യോജന പദ്ധതിയുമുണ്ട്.

ഇവയിലേതൊക്കെ ലയിപ്പിക്കുമെന്ന് വ്യക്തമല്ല. പെൻഷൻ പദ്ധതിയുടെ പ്രാരംഭ ചർച്ചകള്‍ മാത്രമേ ആരംഭിച്ചുള്ളു. അതിന്റെ കരട് രൂപം തയ്യാറായാല്‍ മാത്രമേ പദ്ധതിയുടെ രീതിയും അതിന്റെ സംവിധാനങ്ങളും എങ്ങനെ എന്ന് വ്യക്തമാകു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button