ഇന്റർസോൺകലോത്സവം മങ്കമാരുടെ മാലാഖയായി ദേവിക.

ഇന്റർസോൺ കലോത്സവം മങ്കമാരുടെ മാലാഖയായി ദേവിക. തിരുവാതിരക്കളിക്ക് പാട്ടു പാടുന്ന ദേവികയും നേഹയും
പുറമണ്ണൂർ: പരിമിതികളെ പരാജയപ്പെടുത്തിയ ദേവികയുടെ സ്വരമാധുരിയിൽ ആതിര പൂ ചൂടി മലയാളി മങ്കമാർ ആടിത്തിമിർത്ത കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ മാമാങ്കത്തിലെ തിരുവാതിര മത്സരത്തിൽ ടീമിന് മൂന്നാം സ്ഥാനം. കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ദേവികക്ക് ജന്മനാ ഇരുകൈകളുമില്ല. എന്നാൽ, പരിമിതികളെ അതിജീവിച്ചായിരുന്നു ദേവികയുടെ വിജയഗാഥ. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു വിജയപരമ്പരയുടെ തുടക്കം. ജില്ല കലോത്സവങ്ങളിലും ഗാനാലാപന മത്സരങ്ങളിലും മികവ് പുലർത്തി. കോളജിലും വിവിധ മത്സരങ്ങളിലും പങ്കെടുത്തു. സി സോൺ മത്സരത്തിൽ ലളിതഗാനം, പദ്യംചൊല്ലൽ, നാടൻപാട്ട്, ശാസ്ത്രീയ ഗാനം, തിരുവാതിരക്കളി എന്നീ ഇനങ്ങളിലായിരുന്നു പങ്കെടുത്തത്. തിരുവാതിരയിലൂടെ ഇന്റർസോണിലെത്തി. കൂട്ടുകാരിയായ നേഹയായിരുന്നു ദേവികക്കൊപ്പം പാടിയത്. കീർത്തന, നീരജ, അരുണിമ, സ്നേഹ, അഞ്ജന, അഭിനന്ദ, നീരജ, വിസ്മയ എന്നിവരടങ്ങുന്ന പത്തുപേരാണ് ചുവടുവെച്ചത്. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സന്തോഷിന്റെയും സുജിതയുടേയും മകളാണ്.
