കുഞ്ചന്റെ കഥ തുള്ളലാക്കി ഗുരു; വിജയത്തിലേക്കു തുള്ളി ശിഷ്യ.

വളാഞ്ചേരി : ഓട്ടൻതുള്ളൽ മത്സരവേദി ‘രുക്‌മിണീസ്വയംവര’മയമായപ്പോൾ വ്യത്യസ്തമായ കഥയാടി മേധ മാധവി ശ്രദ്ധ നേടി. ഒപ്പം മത്സരത്തിൽ രണ്ടാംസ്ഥാനവും. തുള്ളലിന്റെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രമാണ് തുള്ളലായി അവതരിപ്പിച്ചത്. മേധയുടെ ഗുരു കലാമണ്ഡലം ശ്രീജ വിശ്വം എഴുതി ചിട്ടപ്പെടുത്തിയതാണ് തുള്ളലിന്റെ ചരിത്രം. 2012-ലാണ് ഇത് കലാമണ്ഡലത്തിൽ ആദ്യമായി അവതരിപ്പിച്ചത്. ചാക്യാർകൂത്തിനു മിഴാവ് വായിച്ച നമ്പ്യാർ ഉറങ്ങിപ്പോയതും അതുകണ്ട ചാക്യാർ പരിഹസിച്ചതും അതിൽ മനംനൊന്ത നമ്പ്യാർ ശപഥം ചെയ്തതുമെല്ലാം മനോഹരമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. തുള്ളൽ സാഹിത്യ സമാനമായ ഭാഷതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർഥിയായ മേധയ്ക്ക് വ്യത്യസ്തമായ ഒരു തുള്ളൽക്കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഈ കഥ പരിശീലിപ്പിച്ചതെന്ന് ശ്രീജ പറഞ്ഞു. അഞ്ചാംക്ലാസ് മുതൽ ഓട്ടൻതുള്ളൽ പഠിക്കുന്ന മേധ അന്തരിച്ച കലാമണ്ഡലം ഗീതാനന്ദന്റെ കീഴിലും പഠിച്ചിട്ടുണ്ട്
