‘വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയിട്ടു, ആദ്യ അടിയില്‍ ബോധം പോയി’; ആലപ്പുഴയില്‍ 62കാരിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. മാമ്ബുഴക്കരയില്‍ താമസിക്കുന്ന 62 കാരിയായ കൃഷ്ണമ്മയാണ് കവർച്ചക്ക് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീട്ടിലെത്തിയ നാലംഗ സംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവരുകയായിരുന്നു.
മോഷണത്തിന് പിന്നാലെ ഇവരുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ കാണാതായിട്ടുണ്ട്. മോഷ്ടാക്കളില്‍ ഒരാള്‍ പൊലീസ് പിടിയിലായതായി സൂചനയുണ്ട്.
രോഗി പരിചരണത്തിനായി വീടുകളില്‍ ജോലിക്ക് പോയിരുന്നയാളാണ് കൃഷ്ണമ്മ. അടുത്തിടെയാണ് തിരുവനന്തപുരം സ്വദേശിയായ കല എന്ന യുവതിയെ പരിചയപ്പെട്ട് വീട്ടില്‍ താമസിപ്പിക്കുന്നത്. കവർച്ച നടന്ന ദിവസം രാത്രി കൃഷ്ണമ്മയും കലയും വേറെ വേറെ മുറികളിലാണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടുമണിയോടെ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് കൃഷ്ണമ്മ കതക് തുറന്നതോടെ നാലുപേർ അകത്ത് കയറുകയായിരുന്നു.
ബഹളമുണ്ടാക്കിയതോടെ തലക്ക് അടിക്കുകയും വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ടു. ഇതിന് ശേഷമാണ് മോഷണം നടത്തിയത്. അക്രമികളുടെ ആദ്യ അടിയില്‍ ബോധം നഷ്ടമായതിനാല്‍ വീട്ടിലെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറയുന്നു.
മോഷണത്തിന് പിന്നാലെ കലയെ കാണാതായതോടെ ഇവരുമായി ബന്ധപ്പെട്ടവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.
