PONNANI

ചമ്രവട്ടം പദ്ധതി: ഏതന്വേഷണത്തിനും UDF-നെ വെല്ലുവിളിക്കുന്നു. എം എൽ എ കെ. ടി. ജലീൽ

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ചയടക്കൽ പുരോഗമിക്കുമ്പോൾ അതിൽ അരിശം പൂണ്ട് നടത്തുന്ന സമരാഭാസത്തിനാണ് UDF ഇറങ്ങിയിരിക്കുന്നത്. MLA എന്ന നിലയിൽ ജനങ്ങൾക്ക് കൊടുത്ത ഉറപ്പാണ് റഗുലേറ്ററിൻ്റെ ചോർച്ച അടച്ച് വെള്ളം കെട്ടി നിർത്തുമെന്ന്. അതിനുള്ള പണം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അനുവദിച്ചു. ടെൻഡർ ചെയ്തു. ടെൻഡർ തുകയേക്കാൾ 25% ത്തിൽ അധികം ക്വോട്ട് ചെയ്തതിനാൽ ടെൻഡർ അംഗീകരിക്കാത്ത സ്ഥിതി വന്നു. ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ മൂന്ന് ടെൻഡർ കഴിഞ്ഞ് മന്ത്രിസഭ രണ്ടാമതൊരു കരാറുകാരൻ ഇല്ലാത്ത സാഹചര്യത്തിൽ അധിക ടെൻഡർ തുക അംഗീകരിച്ചു. അങ്ങിനെയാണ് കഴിഞ്ഞ വർഷം ചോർച്ച നികത്തുന്ന പ്രവൃത്തികൾ ആരംഭിച്ചതും 50 ശതമാനത്തോളം പണി പൂർത്തിയായതും.

ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണം യാഥാർത്ഥ്യമാകുമെന്ന് വന്ന അന്ന് മുതൽ അത് അട്ടിമറിക്കാൻ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഒരു പ്രമുഖ പത്രത്തിൻ്റെ തിരൂർ ലേഖകനെയാണ് അതിനവർ കൂട്ടുപിടിച്ചിരിക്കുന്നത്. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ഉയർത്തിയാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള UDF- ൻ്റെ വിലകുറഞ്ഞ രാഷ്ട്രീയ പ്രേരിത സമരം.

കഴിഞ്ഞ നാൽപ്പത് കൊല്ലത്തെ എൻ്റെ ബാങ്ക് ഇടപാടുകളും സ്വത്തുക്കളും വീട്ടിലെ ഫർണിച്ചറുകളും സാധന സാമഗ്രികളും അടക്കം ED പരിശോധിച്ചിട്ട് ഒരു നയാപൈസയുടെ അവിഹിത സമ്പാദ്യം കണ്ടെത്താനാകാതെ ഇളിംഭ്യരായി മടങ്ങിയ കഥ UDF-കാർക്ക് അറിയാഞ്ഞിട്ടല്ല!
രാഷ്ട്രീയ സത്യസന്ധത ഉണ്ടെങ്കിൽ ഞാൻ അഴിമതി നടത്തിയത് അന്വേഷിക്കണം എന്ന് പറഞ്ഞു നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്ന നേതാക്കൾ എന്താണ് ആ അഴിമതിയെന്ന് കൂടി ജനങ്ങളോടു പറയണം.

UDF നേതാക്കൾ താമസിക്കുന്ന മണിമാകകളും, സഞ്ചരിക്കുന്ന കാറുകളും ധരിക്കുന്ന ഷർട്ടിൻ്റെ വിലയും ഉടുത്ത തുണിയുടെ വിലയും കെട്ടിയ വാച്ചിൻ്റെ വിലയും പോക്കറ്റിൽ കുത്തിയ പേനയുടെ വിലയും കാലിലിട്ട ചെരുപ്പിൻ്റെ വിലയും നിങ്ങളുടെ വരുമാനവുമായി ഒന്നു താരതമ്യം ചെയ്ത് നോക്കിയിട്ട് പോരെ സമരം ഉൽഘാടനം ചെയ്യാൻ വരൽ. തത്തുല്യമായ ഒരു സമീകരണം,13 വർഷം കോളേജ് അദ്ധ്യാപകനും 19 കൊല്ലം MLAയും അതിൽ തന്നെ 5 കൊല്ലം മന്ത്രിയുമായ എൻ്റെ കാര്യത്തിലും നടത്തുക. അപ്പോഴറിയാം ആരാൻ്റെ ഊരമേൽ കൂരകെട്ടി താമസിക്കുന്നവരും കമ്മീഷൻ അടിച്ചെടുക്കുന്നവരും ആരാണെന്ന്?

രാഷ്ട്രീയമാകാം, സമരങ്ങളുമാകാം. സത്യത്തിൻ്റെ ഒരു അംശം പോലുമില്ലാത്ത അപവാദങ്ങൾ പ്രചരിപ്പിച്ച് നടത്തുന്ന ഇത്തരം സമരങ്ങളിൽ ‘ഖാളി’ സ്ഥാനവും കൂടി അലങ്കരിക്കുന്ന ലീഗിൻ്റെ സമുന്നത നേതാക്കൾ പങ്കെടുക്കുന്നത് ശരിയാണോ എന്ന് അവർ ആലോചിക്കണം. അന്തവും കുന്തവും ഇല്ലാത്ത കുട്ടിനേതാക്കൾ എന്തെങ്കിലും പറയുന്നത് കേട്ട് ചാടിയിറങ്ങേണ്ടവരാണോ ‘ഖാളി’ പദവിയിൽ ഇരിക്കുന്നവർ? സത്യത്തിന് ഒരു വിലയും ലീഗ് നേതാക്കളായ ഖാളിമാർ കൽപ്പിക്കുന്നില്ലെങ്കിൽ അതേ സമീപനമേ തിരിച്ചും പ്രതീക്ഷിക്കാവൂ! അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!

ഏത് അന്വേഷണ ഏജൻസിക്കും UDF നേതാക്കൾക്ക് പരാതി നൽകാം. വേണമെങ്കിൽ പ്രധാനമന്ത്രിക്കും കത്തെഴുതാം. റംസാൻ കിറ്റ് വിതരണം ചെയ്തതിൻ്റെ പേരിൽ എനിക്കെതിരെ കോൺഗ്രസ് നേതാവ് ബെന്നിബഹനൻ എം.പി നരേന്ദ്രമോദിക്ക് കത്തെഴുതിയ പോലെ. എല്ലാ ഭാഗത്ത് നിന്നും അന്വേഷണം നടക്കട്ടെ. ഞാൻ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ. എല്ലാതരത്തിലുള്ള അന്വേഷണങ്ങൾക്കും സ്വാഗതം. സുസ്വാഗതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button