അനന്തുവിന്റെ അക്കൗണ്ടിലേക്ക് വന്നത് 548 കോടി ; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നതായിട്ടാണ് കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതി ആനന്ദ്കുമാറാണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.
അനന്തു കൃഷ്ണന് കോടികള്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. അനന്തുവിന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. 20163 പേരില്‍ നിന്ന് 60000 രൂപ വീതവും, 4035 പേരില്‍ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകള്‍. എന്‍ജിയോ കോണ്‍ഫെഡറേഷനില്‍ നിന്ന് ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
അനന്തുവിന്റെ അക്കൗണ്ടിലേക്ക് പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 2024 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ അനന്തുവിന്റെ സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്കാണ് പണം വന്നത്. മൂവാറ്റുപുഴ കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് കോടികളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നല്‍കിയത്.
