സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത് സ്കൂട്ടര്‍ വാങ്ങി, തിരിച്ചടവ് മുടങ്ങിയത് ചോദ്യം ചെയ്ത ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്; സംഭവം കോഴിക്കോട്

കോഴിക്കോട്: വടകരയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിയ്ക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇവരുടെ മുടിയില്‍ പിടിച്ച് കറക്കി പറമ്ബിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ സഹിതം സമർപ്പിച്ചു കൊണ്ടാണ് യുവതി പരാതി നല്‍കിയത്.
സംഭവത്തില്‍ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു. ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാല്‍, പിന്നീട് ഇതിന്റെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. സംഭവം കേസ് ആയതോടെ പ്രതി ബിജീഷ് ഒളിവിലാണ്.
