‘‘പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; തിക്കിലും തിരക്കിലും നിരവധി പേർ വീണു, ഗേറ്റ് എടുത്തു ചാടിയയാൾക്ക് പരിക്ക്

`
പാലക്കാട്: പട്ടാമ്പി പൂരം നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലിൽ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുന്നതിൻ്റെ തിക്കിലും തിരക്കിലും പെട്ടുനിരവധിയാളുകൾ താഴെ വീഴുകയും ചെയ്തു.
അതിനിടെ, സമീപത്ത സ്കൂൾ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യ വയസ്കൻ്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറിഗുരുതരമായി പരിക്കേറ്റു. കമ്പി മുറിച്ചെടുത്താണ് ഇയാളെ പ്രദേശവാസികളും പൊലീസും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത് . ആന തിരക്ക് മൂലം പേടിച്ച് ഓടിയതാണെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും പാപ്പാൻമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കൂറ്റനാട് നേർച്ചക്കിടെയും ആന വിരണ്ട് പാപ്പാനെ കുത്തിക്കൊന്നിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പരന്നിരുന്നു. ഈ ഭീതിയും ജനങ്ങൾക്കിടയിലുണ്ടായിരുന്നതിനാൽ വലിയ ജനക്കൂട്ടം ഭീതിയോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
