സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ നാട്ടുകാരെത്തി, മേൽപാലം അടച്ചുകെട്ടി; ഉദ്ഘാടനത്തിനുമുൻപ് തൊട്ടുപോകരുത്.

എടപ്പാൾ: നിർമാണം പൂർത്തിയായ എടപ്പാൾ മേൽപാലത്തിൽ കയറുന്നതിനു വിലക്ക്. പാലത്തിന് ഇരുവശവും പൂർണമായും അടച്ച് സഞ്ചാരം നിരോധിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ടാറിങ് ഉൾപ്പെടെ പൂർത്തിയായതോടെ പാലത്തിൽ കയറി സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. അവധി ദിവസങ്ങളിലും മറ്റും വലിയ തിരക്ക് അനുഭവപ്പെട്ടു.
പാലത്തിൽ നടപ്പാതകൾ ഇല്ലാത്തതിനാൽ ഉദ്ഘാടന ശേഷം ഇതിന് മുകളിൽ കയറാൻ കഴിയില്ല. അതിനാൽ ഈ അവസരം പലരും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം പാലത്തിന്റെ ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അതേസമയം പാലത്തിന്റെ അടിഭാഗത്ത് പെയിന്റിങ് ജോലികൾ പുരോഗമിക്കുകയാണ്. മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. പാലം കാണാനെത്തുന്ന പലരും പാലം വൃത്തികേടാക്കുന്നതായി അധികൃതർ പറയുന്നു. പലവട്ടം ഇതിനാൽ പെയിന്റ് ചെയ്യേണ്ട അവസ്ഥയുണ്ട്. ഇതിനുപുറമേ, കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും അവശിഷ്ടങ്ങളും ലഭിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾക്കു കാരണം ഇതെല്ലാമാണെന്ന് അധികൃതർ പറഞ്ഞു.
