KERALA

തടവറയല്ലിത് കലവറ! വിയ്യൂർ ജയിലിൽ പച്ചക്കറി വിളവെടുത്തത് 51 ടൺ.

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ സാമ്പത്തിക വർഷത്തെ പച്ചക്കറി വിളവെടുപ്പ് 51 ടണ്‍ കവിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹായത്തോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ജയിലിലെ അന്തേവാസികളുടെയും അധികൃതരുടെയും കൂട്ടായ പരിശ്രമമാണ് കൃഷിയിൽ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത്.139 ഏക്കറില്‍ പരന്നുകിടക്കുന്ന കോമ്പൗണ്ടിൽ ക്ലസ്റ്ററുകൾ ആക്കി തിരിച്ചാണ് കൃഷി.1914 തുടങ്ങിയ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ അഞ്ച് ജയിലുകളാണ് ഉള്ളത്. സെൻട്രൽ പ്രിസൺ, അതീവ സുരക്ഷാ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍, വനിതാ ജയില്‍ എന്നിവയ്ക്ക് പുറമെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പ്രവര്‍ത്തിച്ചുവരുന്നു.നിലവില്‍ 1,150 പേരാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. ജയിലിലെ തരിശായി കിടന്ന പ്രദേശത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പടവലം, ചീര, പപ്പായ, മരച്ചീനി, കൂര്‍ക്ക, വെള്ളരി, തക്കാളി, കറിവേപ്പില, വെണ്ട, മത്തങ്ങ, കാബേജ് എന്നിവയാണ് ഈ സ്ഥലത്ത് കൃഷി ചെയ്തത്. കൂടാതെ ചെറിയ അളവില്‍ കൃഷി ചെയ്ത കുരുമുളക്, നാളികേരം, ഇരുമ്പന്‍ പുളി എന്നിവയില്‍ നിന്നും വിളവെടുപ്പ് നടത്താനായതിന്റെ സന്തോഷത്തിലാണ് ജയിലിലെ അന്തേവാസികളും അധികൃതരും. 22 ഏക്കറോളം സ്ഥലത്താണ് നിലവില്‍ പച്ചക്കറി കൃഷി ചെയ്തുവരുന്നത്.കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും തടവുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ചിലര്‍ക്ക് കൃഷി ഒരു ഉപജീവനമാര്‍ഗമായി മാറും എന്നാണ് പ്രതീക്ഷ,’’ സൂപ്രണ്ട് പറഞ്ഞുപ്രതിമാസം ജയിലിലേക്കാവശ്യമായ പച്ചക്കറിയുടെ പകുതിയിലേറെയും ഇത്തരത്തില്‍ കൃഷി ചെയ്‌തെടുക്കുകയായിരുന്നു.അങ്ങനെ ജയിലിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങുന്നതിനായുള്ള പ്രതിമാസ ചെലവിലും കുറവുണ്ടായി.12 മുതൽ 1 4 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 7 ലക്ഷമായി കുറഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ ജയിലില്‍ കന്നുകാലികളെയും പരിപാലിക്കുന്നുണ്ട്. പ്രതിമാസം ഏകദേശം 2200 ലിറ്റര്‍ പാല്‍ കന്നുകാലി കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ’ ഒന്നും വരുമാനം ഇല്ലാത്ത അവസ്ഥയിൽ നിന്നും ഇത്രയും വരുമാനം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറി, ’ അദ്ദേഹം പറഞ്ഞു.പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി ജയില്‍വളപ്പിന് മുന്നിലെ ഫ്രീഡം കൗണ്ടറില്‍ അലുമിനിയം പാത്രങ്ങള്‍ ഒഴിവാക്കി വാഴയിലയില്‍ ബിരിയാണി വില്‍ക്കുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. കൂടാതെ കഴിഞ്ഞവര്‍ഷം ഓണത്തിന് മുമ്പ് പൂക്കള്‍ കൃഷി ചെയ്തിരുന്നുവെന്നും ജമന്തി കൃഷിയിലൂടെ സര്‍ക്കാരിന് 18000 രൂപ ലാഭമുണ്ടായെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button