‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250206_193828.jpg)
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്നും എം എൽ എ അഭിപ്രായപ്പെട്ടിരുന്നു. കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് ഇടുക്കി യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞിരുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ചെയ്യണമെന്ന പ്രമേയം കഴിഞ്ഞ വർഷം നിയമസഭ ഐകകണ്ഠേനെ പാസാക്കിയിരുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്രം ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ അനുമതി നിഷേധിക്കുന്നു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)