CHANGARAMKULAM

എട്ട് കോടി ചിലവിൽ നിർമ്മിക്കുന്ന ചെറുവല്ലൂർ ബണ്ട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

ചങ്ങരംകുളം:പെരുമ്പടപ്പ് ചെറുവല്ലൂരിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. എട്ട് കോടി ചിലവിൽ നിർമ്മിക്കുന്ന ചെറുവല്ലൂർ ബണ്ട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.ബണ്ട് റോഡിന് സമീപം നടന്ന പരിപാടിയിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.പദ്ധതിയുടെ ശിലാഫലക അനാച്ചാദനവും എംഎൽഎ നിർവഹിച്ചു.മലബാർ പ്ലസ് കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല.15 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും.പാലം ഉൾപ്പെടെ 9 മീറ്റർ വീതിയിൽ 650 മീറ്റർ നീളം വരുന്നതാണ് ചെറുവല്ലൂർ ബണ്ട് റോഡ്. കെഎൽ ഡിസി നിർമ്മിച്ച നിലവിലെ പാലം നിലനിർത്തി അതിനോട് ചേർന്ന് അതേ വലിപ്പത്തിൽ പുതിയ പാലം നിർമ്മിക്കും ഇതോടെ ഇരു സൈഡിലും നടപ്പാത ഉൾപ്പെടെ 9 മീറ്റർ ആയി പാലത്തിൻ്റെ വീതി മാറും. മൂന്ന് മുതൽ 5 മീറ്റർ വരെ ഉയരത്തിലാണ് ബണ്ട് റോഡ് നിർമ്മിക്കുക.ഒറ്റഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.നേരത്തെ പദ്ധതി നടപ്പിലാക്കാൻ 5 കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. പാലവും റോഡും നിർമ്മിക്കാൻ എസ്റ്റിമേറ്റ് പ്രകാരം തുക തികയാതെ വന്നതോടെ അധികം തുക അനുവദിക്കണമെന്ന് എംഎൽഎ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് ടെക്നിക്കൽ വിഭാഗം പദ്ധതി സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് 8 കോടി സർക്കാർ അനുവദിച്ചത്.നിലവിലെ റോഡിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ മണ്ണ് ബലപ്പെടുത്തിയ ശേഷം ഇരു സൈഡിലും ഗാബിയോൺ റീറ്റൈനിംഗ് വാൾ നിർമിച്ച് മണ്ണിട്ട് നികത്തിയാണ് ബണ്ട് റോഡ് നിർമ്മിക്കുക.പാലം ഉൾപ്പെടെ ഗതാഗതയോഗ്യമായ റോഡ് വേണമെന്ന നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമാണ് യഥാർത്ഥ്യമാവുന്നത്.പെരുമ്പടപ്പിലെ 7, 8 വാർഡുകളെ പഞ്ചായത്തുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ബണ്ട് റോഡ്.പൊന്നാനി കോളിലെ നൂണ കടവ്,വള്ളുമ്പായി കോൾ പടവുകളിലായി നൂറടി തോടിന് കുറുകെയാണ് ബണ്ട് റോഡ് നിർമ്മിക്കുക.വർഷങ്ങൾക്ക് മുമ്പ് കെഎൽഡിസി കാർഷികാവശ്യങ്ങൾക്കായി നിർമ്മിച്ച റോഡും ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന പാലവുമാണ് നിലവിലുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, പി നിസാർ, മുഹമ്മദ് അഷ്റഫ്, നിഷാദത്ത്, സി പി മുഹമ്മദ് കുഞ്ഞി, ഒ എം ജയപ്രകാശ്, വി കെ അനസ്, സുബൈർ കൊട്ടിലിങ്ങൽ എന്നിവർ സംസാരിച്ചു.സി എച്ച് അബ്ദുൽ ഗഫൂർ സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button