KERALA

‘വാക്കുകള്‍ വന്നത് ഹൃദയത്തില്‍ നിന്ന്, പറഞ്ഞത് നല്ല ഉദ്ദേശത്തോടെ’; പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു: സുരേഷ് ഗോപി.

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പ്രസ്താവന പിന്‍വലിച്ച്‌ കേന്ദ്രമന്ത്രി.ആദിവാസി വിഭാഗത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.ബിജെപിയുടെ ഡല്‍ഹിയിലെ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.

രാവിലെ ഡല്‍ഹിയിലെ തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്നും അത് ജനാധിപത്യസംവിധാനത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപിവിശദീകരിച്ചത്.

നല്ല ഉദ്ദേശത്തോടെയാണ് താന്‍ പറഞ്ഞത്. മുന്നാക്കക്കാരുടെ ഉന്നമനത്തിന് പിന്നാക്കക്കാര്‍ വരണം എന്നും താന്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ മാറ്റം കൊണ്ടുവന്ന് വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചത്. ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകള്‍ മുഴുവന്‍ കൊടുക്കാതെ പരാമര്‍ശം വളച്ചൊടിച്ച്‌ വിവാദമാക്കുകയായിരുന്നു. അതിനാല്‍ താന്‍ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിന് താന്‍ എന്തുചെയ്തു എന്ന് അറിയാന്‍ അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ മതി. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരാളെ രാഷ്ടപതിയാക്കിയത് തന്റെ പാര്‍ട്ടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.
2016ലാണ് ഞാന്‍ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാന്‍ മോദിജീയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവില്‍ എവിയേഷന്‍ വേണ്ട. ട്രൈബല്‍ തരൂ. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണ്. ഒരു ട്രൈബല്‍ കാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആള്‍ ആകില്ല. എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്നമാണ്. ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രി ആകണം. ഒരു ട്രൈബല്‍ മന്ത്രിയാകാന്‍ ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം ഉണ്ടാവണം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍. ഉന്നതകുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍. വലിയ വ്യത്യാസമുണ്ടാകും. ഞാന്‍ അപേക്ഷിച്ചിട്ടുണ്ട് പ്രധാനമന്ത്രിയോട്. പക്ഷേ ഇതിനൊക്ക ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button