സരസ് മേള വൻ വിജയം,വരുമാനം 17.54 കോടി
![](https://edappalnews.com/wp-content/uploads/2025/02/IMG_20250201_170825.jpg)
ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ റിക്കോർഡ് കളക്ഷൻ! സ്റ്റാളുകളിൽ നിന്നും 15.52 കോടിയും ഫുഡ് കോർട്ടിൽ നിന്ന് 2.02 കോടിയും വരുമാനം ലഭിച്ചു. ഇന്ത്യന്‍ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും കലയും സമന്വയിച്ച പതിനൊന്നാമത് മേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ രാജ്യത്തെ ഏറ്റവും ജനശ്രദ്ധ നേടിയ സരസ്മേളയായി ഇത് മാറുകയാണ്. ആദ്യം ദിനം മുതല്‍ സമാപനം വരെ മേളയിലേയ്ക്കൊഴുകിയെത്തിയ പതിനായിരങ്ങൾ ഇതിനെ ജനകീയോത്സവമാക്കി.
സംസ്ഥാനത്ത് 2014-മുതലാണ് സരസ് മേളകളുടെ നടത്തിപ്പ് കുടുംബശ്രീ ഏറ്റെടുത്തത്. ഇതിൽ പതിനൊന്നാമത്തേതാണ് ചെങ്ങന്നൂരിൽ നടന്നത്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ, ഒന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ച മേളനഗരിയിലൊരുക്കിയിരുന്ന 250 ഉൽപന്ന പ്രദർശന-വിപണന സ്റ്റാളുകളും
36 സ്റ്റാളുകളുമുൾപ്പെട്ട മെഗാ ഇന്ത്യാ ഫുഡ് കോർട്ടും ജനങ്ങളിൽ വിസ്മയം തീർത്തു. അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, പുസ്തകോത്സവം, പുഷ്പോത്സവം,സെമിനാറുകൾ,
കലാ- സാംസ്കാരികപരിപാടികൾ എന്നിവ ഈ മേളയെ വിഭവസമ്പന്നമാക്കി. മോഹൻലാൽ മുതൽ ടൊവിനോ തോമസ് വരെയുള്ളവരുടെ സാന്നിധ്യവും രാജ്യത്തെ അതിപ്രശസ്തരായ മറ്റ് കലാപ്രതിഭകളുടെ അവതരണങ്ങളും മേളയ്ക്ക് അഭൂതപൂർവമായ ചാരുതയേകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)