പൊന്നാനി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന് ടെൻഡറായി
![](https://edappalnews.com/wp-content/uploads/2025/01/IMG-20250128-WA0001.jpg)
പൊന്നാനി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിന് ടെൻഡറായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.പഴയ കെട്ടിടം പൊളിച്ചുനീക്കി രണ്ടുവർഷത്തിനുശേഷമാണ് കെട്ടിടം നിർമാണഘട്ടത്തിലെത്തിയത്. പദ്ധതിക്കായി ആദ്യം ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും പിന്നീട് എസ്റ്റിമേറ്റ് തുകയിൽ മാറ്റംവരുത്തി. സാമ്പത്തികാനുമതിയും ലഭ്യമായി.
എന്നാൽ സാങ്കേതികാനുമതി നീണ്ടുപോയതോടെയാണ് ടെൻഡർ നടപടികൾ വൈകിയത്.
താഴത്തെനിലയിൽ അത്യാഹിതവിഭാഗം, രോഗികൾക്ക് കാത്തിരിക്കാനുള്ള സൗകര്യം, ട്രോമാകെയർ, ഒബ്‌സർവേഷൻ വാർഡ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് എന്നിവയും മുകളിലത്തെ നിലകളിലായി ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ദന്തരോഗ വിഭാഗം, എക്സ്റേ യൂണിറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ പൂർത്തിയായ സാഹചര്യത്തിൽ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും എളുപ്പമാർഗം ബന്ധിപ്പിക്കുന്ന ചെറവല്ലൂർ ബണ്ട് റോഡിന്റെ നിർമാണോദ്ഘാടനം ഉടൻ നടക്കുമെന്നും എം.എൽ.എ. പറഞ്ഞു.
എട്ടുകോടി രൂപ ചെലവിലാണ് ബണ്ട് റോഡ് നിർമിക്കുക. ചങ്ങരംകുളം സൗന്ദര്യവത്കരണം രണ്ടാംഘട്ടവും ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള ചന്തപ്പടി സൗന്ദര്യവത്കരണവും ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.
പൊന്നാനിയിൽ 17 കോടിരൂപ ചെലവിട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന അക്വാട്ടിക് സ്റ്റേഡിയത്തിന്റെ ടെൻഡർ ഈയാഴ്ച നടക്കുമെന്നും എം.എൽ.എ. അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)