വനിത എസ്‌ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ രണ്ടുപേരും മര്‍ദ്ദിച്ചു; ഭാര്യയുടെ പരാതിയില്‍ വര്‍ക്കല എസ് ഐക്ക് സസ്പെൻഷൻ.
![](https://edappalnews.com/wp-content/uploads/2025/01/n64949319617380515355780aa9b7b66357b3309ed8d3aa8b6b0e7773fb2054a9542262bb1cbec2c2520e5e.jpg)
വർക്കല: സ്ത്രീധന പീഡന പരാതിയില്‍ വർക്കല എസ്‌ഐയെ സസ്പെൻഡ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് വർക്കല എസ് ഐ എസ്. അഭിഷേകിനെ സസ്പെൻഡ് ചെയ്തത്.വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഷേകിനെ സസ്പെൻഡ് ചെയ്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവിറക്കിയത്. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ നേരത്തേ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.എസ്.ബിയില്‍ എസ് ഐ ആയിരുന്ന ആശ പരാതിക്കാരിയെ ഉപദ്രവിച്ചുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വനിത എസ്‌ഐയുമായുള്ള അഭിഷേകിന്റെ ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഭിഷേകിന്റെ പെരുമാറ്റ ദൂഷ്യം സേനയ്‌ക്ക് അപമാനകരം എന്നും സസ്‌പെൻഷൻ ഉത്തരവില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുതെങ്കിലും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോള്‍ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെപരാതി നല്‍കി. തുടർന്നാണ് അഭിഷേകിന്റെ ഭാര്യയായ യുവതിയെ മർദിച്ച വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി.
സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി എസ്‌ഐമാരായ ആശയും അഭിഷേകും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാൻ അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് എസ് ഐമാരായ അഭിഷേകും ആശയും ഹൈക്കോടതിയെ സമീപിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)