MALAPPURAM

604 ഗ്രാം പാക്കറ്റിൽ 420 ഗ്രാം മാത്രം; ബിസ്കറ്റ് എണ്ണവും കുറവ്.കാളികാവ് സ്വദേശിയുടെ പരാതിയിൽ പാർലെയ്ക്ക് പിഴയിട്ട് കോടതി

മലപ്പുറം: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഭാരം കുറവ്. കൂടാതെ പാക്കറ്റുകളിലും കുറവ്. കാളികാവ് സ്വദേശിയുടെ പരാതിയിൽ ബിസ്കറ്റ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരാതി. 
മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ച് നിര്‍മ്മാണവും പാക്കിങ്ങും നടക്കുന്നതിനാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാല്‍ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നുമാണ് എതിര്‍ കക്ഷി ബോധിപ്പിച്ചത്. 

കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ ബിസ്‌കറ്റ് പാക്കറ്റുകള്‍ തൂക്കി നോക്കിയതില്‍ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000/രൂപയും പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി തുകയ്ക്ക് 12 ശതമാനം പലിശ നല്‍കണം. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷൻ്റേതാണ് ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button