KERALA

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനളും സിപിഐയുടെ സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

സി.പി.ഐ സർവീസ് സംഘടന ജോയിൻറ് കൗൺസിലും യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോയുമാണ് ഒരേ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പ്രതിപക്ഷ സംഘടനകളും സി.പി.ഐയുടെ ജോയിൻറ് കൌൺസിലും നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്.പ്രതിപക്ഷ സംഘടനകളുടെ സമരം സർക്കാരിലെ ചില ഓഫീസുകളെ ഒഴികെ സാരമായി ബാധിക്കാനിടയില്ല.ജോയിൻറ് കൌൺസിലിന്
സ്വാധീനമുളള റവന്യു വകുപ്പിന് കീഴിലുളള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്.

സി.പി.ഐ സംഘടനകളുളള കൃഷി,മൃഗ സംരക്ഷണ വകുപ്പുകളെയും പണിമുടക്ക് ബാധിക്കാൻ ഇടയുണ്ട്. സമരത്തെ നേരിടാൻ സി.പി.ഐ.എം അനുകൂല സർവീസ് സംഘടനകളും ശക്തമായി രംഗത്തുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളെ നോട്ടീസ് നൽകിയ ശേഷവും സർക്കാർ ചർച്ചക്ക് വിളിച്ചില്ല.ജനാധിപത്യ വിരുദ്ധമായ ഈ സമീപനം ഇടത് സർക്കാരിന് ചേർന്നതല്ലെന്ന
വിമർശനം ശക്തമാണ്.പണിമുടക്ക് പ്രഖ്യാപിച്ച സി.പി.ഐ സംഘടനകളെ അവഗണിക്കുന്നുവെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button