കൂടല്ലൂർ കൂട്ടക്കടവ് ലിഫ്‌റ്റ് ഇറിഗേഷന്റെ മെയിൻ കനാൽ നവീകരണ ഉദ്ഘാടനം നടന്നു
![](https://edappalnews.com/wp-content/uploads/2025/01/ffcdcfc2-422a-4c8c-abc3-c05f79e0de9f.jpeg)
തൃത്താല: മലബാർ ഇറിഗേഷൻ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപ ചെലവിൽ നിർമ്മാണം നടത്തുന്ന കൂടല്ലൂർ കൂട്ടക്കടവ് ലിഫ്‌റ്റ് ഇറിഗേഷന്റെ മെയിൻ കനാലിന്റെ നവീകരണ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന കർമ്മ നിർവഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് അധ്യക്ഷൻ ആയിരുന്നു.
21 വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന ലിഫ്റ്റർഗേഷൻ പദ്ധതി കഴിഞ്ഞ വർഷമാണ് 35 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും പമ്പ് ഹൗസിലെ 40എച്ച്പി മോട്ടോറുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് കനാലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നവീകരണം നടന്നത്. കൂട്ടക്കടവ്, മുത്തുവിളയം കുന്ന് , മണ്ണിയം പെരുമ്പലം പാടശേഖരത്തിൽപ്പെട്ട 150 ഓളം ഹെക്ടർ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് കൂടല്ലൂർ ലിഫ്‌റ്റ് ഇറിഗേഷൻ . ഒറ്റവിളയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് ഈ പദ്ധതി പൂർത്തിയാകുന്നതോടെ പുഞ്ചയടക്കം മൂന്ന് വിളകൾക്ക് പ്രയോജനപ്പെടും. ഒപ്പം തന്നെ കുടിവെള്ളം ലഭ്യത വർദ്ധിക്കുന്നതിനും സഹായകരമാകും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)