ആ നടിയെയും എന്നെയും വെച്ചുള്ള അനാവശ്യ കമ്പാരിസനോട് താത്പര്യമില്ല: അനശ്വര രാജന്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.സിനിമയില്‍ അനശ്വരയുടെ ഏറ്റവുമടുത്ത സുഹൃത്തും നടിയുമായ മമിത ബൈജുവിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. താനും അനശ്വരയും തമ്മില്‍ മത്സരമാണെന്നും തങ്ങള്‍ തമ്മില്‍ പ്രശ്‌നത്തിലാണെന്നുമുള്ള ചില ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്ന് അനശ്വര രാജന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ തമ്മില്‍ അത്തരമൊരു മത്സരമില്ലെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.മമിത ബൈജു ചെയ്യുന്ന സിനിമകള്‍ കണ്ട് തന്നെയും മമിതയെയും താരതമ്യം ചെയ്യുന്ന ചിലര്‍ ഉണ്ടെന്നും അതിനോട് തനിക്ക് താത്പര്യമില്ലെന്നും അനശ്വര പറഞ്ഞു. നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കണമെന്ന ചിന്ത തങ്ങള്‍ക്ക് ഉണ്ടെന്നും അത് ഒരിക്കലും തമ്മിലുള്ള മത്സരത്തിലേക്ക് മാറിയിട്ടില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഗ്രൂപ്പിലുള്ള ആളുകളാണ് മാത്യു തോമസും നസ്‌ലെനെന്നും അവര്‍ നല്ല സുഹൃത്തുക്കളാണെന്നും അനശ്വര പറഞ്ഞു. ആ ഗ്രൂപ്പില്‍ ഒരിക്കലും മത്സരമില്ലെന്നും എല്ലാവരും നല്ല സിനിമകള്‍ ചെയ്യണമെന്ന് മാത്രം ആഗ്രഹിക്കുന്നവരാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.‘ഞാനും മമിതയും തമ്മില്‍ പ്രശ്‌നത്തിലാണ്, അവളെക്കാള്‍ ഉയരത്തില്‍ എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുള്ള ഗോസിപ്പുകള്‍ ഞാനും കേള്‍ക്കാറുണ്ട്. അതിലൊന്നും സത്യമില്ല. ഞാനും അവളുമൊക്കെ ഒരു ഗ്രൂപ്പാണ്. ഞങ്ങള്‍ അടുത്ത ഫ്രണ്ട്‌സാണ്. നല്ല സിനിമ ചെയ്യണമെന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അല്ലാതെ അവള്‍ക്ക് ആ സിനിമ കിട്ടി, എനിക്ക് അതിനെക്കാള്‍ നല്ല പടം കിട്ടണം എന്നുള്ള ചിന്തയൊന്നും ഇല്ല.
നല്ല സിനിമകളുടെ ഭാഗമാവുക എന്ന ഒരു ഹെല്‍ത്തി കോമ്പറ്റിഷന്‍ ഉണ്ട്. അതിപ്പോള്‍ എല്ലാവരുടെയും ഇടയില്‍ ഉണ്ടാവുന്ന പോലെ മാത്രമാണ്. അല്ലാതെ നോക്കിയാല്‍ ഞാനും അവളുമൊക്കെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള മാത്യുവും ന്‌സലെനും ഒക്കെപ്പോലെ വൈബാണ് ഞങ്ങള്‍ തമ്മില്‍. അല്ലാതെ മറ്റൊന്നുമില്ല,’ അനശ്വര രാജന്‍ പറയുന്നു.