വയനാട്ടിലെ ഭൂമിയേറ്റെടുക്കല്‍; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഹാരിസണ്‍സ് മലയാളം
കൊച്ചി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍. ഹാരിസണ്‍സ് മലയാളമാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ആരോപിച്ചാണ് അപ്പീല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍. സ്ഥിരമായി ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഇത് പിടിച്ചെടുക്കുന്നതിന് തുല്യമാണെന്നും ഹാരിസണ്‍സ് മലയാളം ഹരജിയില്‍ പറയുന്നു. നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
ഡിവിഷന് ബെഞ്ചിന് മുമ്പാകെയാണ് ഹാരിസണ്‍സ് മലയാളം അപ്പീല്‍ നല്‍കിയത്. വയനാട് ദുരന്തത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണ്‍ എന്നീ കമ്പനികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി 127.11 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ടൗണ്‍ഷിപ്പിനായി കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.