ENTERTAINMENT

ഒരു വർഷത്തേക്ക് ഇടവേള; ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ച് ഗായകൻ ഡാബ്സീ. ഡാബ്സീ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത് വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ്. ഒരു ചുവട് പിന്നോട്ടെടുത്ത് പുതിയ ആശയങ്ങളുമായി തിരിച്ചുവരാനാണ് ഡാബ്സീയുടെ ലക്ഷ്യം. മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്‌സി മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ്. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളൻ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്
ഈ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ‘മാർക്കോ’ സിനിമയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിലായിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തെത്തിയതിന് ശേഷം ഒരുപാട് വിമർശനം ‍ഉയർന്നിരുന്നു. ഗാനം പോരെന്നും ഡാബ്സീയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നുമായിരുന്നു വിമർശനം. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡാബ്സീയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.
‘പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം’ -ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button