ധനു മാസത്തിന്റെ പുണ്യം നുകർന്ന് തിരുവാതിര വരവായി; തിരുവാതിര വ്രതം തിങ്കളാഴ്ച
പരമശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍. ശിവഭക്തര്‍ ഉത്സവതുല്യമായി ആഘോഷപൂര്‍വ്വം, ഭക്തിയോടെ കൊണ്ടാടുന്ന ദിവസമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍. പാര്‍വ്വതീദേവിയും മഹാദേവനും വിവാഹിതരായ ദിവസവും ധനു മാസത്തിലെ തിരുവാതിരയാണെന്നാണ് വിശ്വാസം. ഇതല്ലാതെ മഹാദേവന് തപസ്സ് ചെയ്യുമ്പോള്‍ തപസ്സിന് ശല്യമുണ്ടാക്കിയ കാമദേവനെ ഭഗവാന് തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും കാമദേവനെ തിരിച്ചുകിട്ടാന്‍ അദ്ദേഹത്തിന്റെ പത്നി ഉപവാസം എടുത്ത ദിവസമാണ് തിരുവാതിര എന്നും ഐതിഹ്യമുണ്ട്. ഇങ്ങനെ ധനുമാസത്തിലെ തിരുവാതിരയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്.
ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി ഈ ദിവസം സത്രീകള്‍ തിരുവാതിര വ്രതം എടുക്കാറുണ്ട്. വ്രതങ്ങളില്‍ തന്നെ ഏറ്റവും മഹത്തരവും ഫലദാകയവുമായ വ്രതമാണ് തിരുവാതിര. ഈ വ്രതം എടുക്കുന്ന സുംഗലിമാര്ക്ക് ദീര്‍ഘമാംഗല്യവും അവരുടെ മക്കള്‍ക്ക് ഐശ്വര്യവും കന്യകമാര്‍ക്ക് ഉത്തമനായ പുരുഷനെ ഭര്‍ത്താവായും ലഭിക്കുമെന്നാണ് വിശ്വാസം. എന്താണ് തിരുവാതിര വ്രതാനുഷ്ഠാനം എങ്ങനെയാണെന്നും ഈ വര്‍ഷം വ്രതമെടുക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടാകുമെന്നും നോക്കാം.
ധനുമാസത്തിലെ തിരുവാതിര
മകയിരം നാളും തിരുവാതിര നാളും തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ദിവസങ്ങളാണ്. തിരുവാതിര നക്ഷത്രത്തിന്റെ ഉദയം മുതല്‍ അസ്തമയം വരെയുള്ള കാലയളവാണ് തിരുവാതിര വ്രതം ആചരിക്കുന്നത്. പക്ഷേ തിരുവാതിരയ്ക്ക് പത്ത് ദിവസം മുമ്പ് വ്രതം ആരംഭിക്കണമെന്നാണ് പണ്ടുകാലം മുതല്ക്കുള്ള വിശ്വാസം. ഈ പത്ത് ദിവസങ്ങളിലും വ്രതമെടുക്കുന്ന സ്ത്രീകള്‍ വൈകുന്നേരങ്ങളില്‍ കുളിച്ച് വിളക്ക് കത്തിച്ച് തിരുവാതിര കളിക്കണമെന്നാണ് വിശ്വാസം. ഒമ്പതാം ദിവസം മകയിരം നാളിന് പാതിരാത്രി വരെയും വ്രതാനുഷ്ഠാനങ്ങള്‍ നീളും. പത്താം ദിവസമാണ് തിരുവാതിര. ഈ പത്ത് ദിവസങ്ങളിലും ഉപവാസം വേണമെന്നാണ് വിശ്വാസം. ജലപാനവും ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്യാം. തിരുവാതിര ദിവസം വ്രതമെടുക്കുന്ന സ്ത്രീകള്‍ ഉറക്കമൊഴിക്കണമെന്നും വിശ്വാസമുണ്ട്. തിരുവാതിരയ്ക്ക് സ്ത്രീകള്‍ അമ്പലമുറ്റത്ത് ഒത്തുകൂടുകൂടുകയും തിരുവാതിര കളിക്കുകയും പാതിരപ്പൂ ചൂടുകയും എട്ടങ്ങാടി ഭക്ഷിക്കുകയും തുടിച്ചുകുളിക്കുകയും ചെയ്യുന്നു.
തിരുവാതിര ദിവസം സ്ത്രീകള്‍ മൂന്നും (വെറ്റിലയും അടക്കയും ചുണ്ണാമ്പും) കൂട്ടി മുറുക്കും. പാതിരാപ്പൂ ചൂടുന്നത് വരെ നാമജപവുമായി കഴിച്ചുകൂട്ടണം. അതിനുശേഷം പാതിരാപ്പൂവ് ചൂടി തിരുവാതിര കളിക്കണം. അതിന് ശേഷം തുടിച്ച് കുളിക്കണം. അതായത് കുളത്തില്‍ മുങ്ങിക്കുളിക്കണം. വ്രതാനുഷ്ഠാനം പത്ത് ദിവസം വ്രതം എടുക്കാത്തവര്‍ തിരുവാതിരയുടെ തലേനാള്‍ മുതല്‍ വ്രതം ആരംഭിക്കാം. ഈ വര്‍ഷം ജനുവരി 12-ന് (ധനു 22) പകല്‍ 11.26 മിനിറ്റ് മുതല്‍ തിരുവാതിര നക്ഷത്രം ആരംഭിക്കും. പിറ്റേദിവസം 10.39 വരെ തിരുവാതിര നക്ഷത്രമാണ്. അപ്പോള്‍ ജനുവരി 11 മുതല്‍ തിരുവാതിര വ്രതത്തിനായി തയ്യാറെടുക്കണം. ചിലര്‍ തലേദിവസം ഒരിക്കലൂണും മറ്റ് വ്രതനിഷ്ഠകളും നോല്‍ക്കും. മറ്റുചിലര്‍ തലേദിവസം മത്സ്യമാംസാദികള്‍ വേണ്ടെന്നുവെക്കും. ദേശഭേദം അനുസരിച്ച് അനുവര്ത്തിച്ച്് വരുന്നത് പോലെ ചടങ്ങുകള്‍ ചെയ്യുക.