വഴിത്തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ വയോധികന്‍ മരിച്ചു
വളാഞ്ചേരി: ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന കുറ്റിപ്പുറം മൂടാല്‍ സ്വദേശി മുഹമ്മദ് കുട്ടി (74) മരിച്ചു. ഡിസംബര്‍ 18ന് ആണ് സഹോദരനും മക്കളും ചേര്‍ന്ന് മുഹമ്മദ് കുട്ടിയെ മര്‍ദ്ദിച്ചത്.
ഇരു കുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഡിസംബര്‍ 18ന് തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തോട്ടത്തില്‍ നിന്ന് തേങ്ങ ഉള്‍പ്പെടെ ഫലങ്ങളുമായി വാഹനത്തില്‍ വരുമ്പോള്‍ സഹോദരന്റെ മക്കളായ സലാം, അഷ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
മുഹമ്മദ് കുട്ടിയെ സലാം പിടിച്ച് തള്ളുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അഷ്കര്‍ ബൂട്ടിട്ട കാല് കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സലാമിനും അഷ്‌കറിനും എതിരേ പോലീസ് കേസെടുത്തിരുന്നു.
നട്ടെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റ് മുഹമ്മദ് കുട്ടി ആശുപത്രിയില്‍ ചികില്‍സയിലായിരിക്കേയാണ് മരിച്ചത്. മുഹമ്മദ് കുട്ടിക്ക് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
മര്‍ദ്ദനമേറ്റ പരിക്കുകള്‍ മൂലമാണ് മുഹമ്മദ് കുട്ടി മരിച്ചതെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.