റേഷൻ വ്യാപാരികൾക്ക് വേതന ഇനത്തിൽ രണ്ട് കോടി കുടിശ്ശിക
മലപ്പുറം: ജില്ലയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള വേതന ഇനത്തിൽ രണ്ട് കോടി രൂപ കുടിശ്ശിക. കഴിഞ്ഞ രണ്ട് മാസത്തെ വേതനം ജില്ലയിലെ 958 റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം മാർച്ച് വരെ എല്ലാ മാസവും പകുതിയാകുമ്പോഴേക്കും ലഭിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോകുന്ന സ്ഥിതിയായി. വെള്ളക്കാർഡുകാർക്കുള്ള അരി വിഹിതം അഞ്ച് കിലോയിൽ നിന്ന് രണ്ടാക്കി വെട്ടിക്കുറച്ചതും നീല കാർഡിനുള്ള നാല് കിലോ സ്പെഷ്യൽ അരി നിറുത്തലാക്കിയതും റേഷൻ വ്യാപാരികളുടെ വേതനത്തെ ബാധിച്ചിട്ടുണ്ട്. 45 ക്വിന്റൽ അരി വിറ്റാൽ ഒരു റേഷൻ വ്യാപാരിക്ക് 18,000 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 180 രൂപയും ലഭിക്കും. 45 ക്വിന്റലിൽ കുറവെങ്കിൽ 8,500 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 220 രൂപയും ലഭിക്കും. ഈ തുകയിൽ നിന്നാണ് ജീവനക്കാർക്കുള്ള വേതനവും നൽകേണ്ടത്. ഒന്നോ രണ്ടോ ജീവനക്കാരാണ് റേഷൻ കടകളിലുള്ളത്. മാത്രമല്ല, ഇലക്ട്രിസിറ്റി-വാട്ടർ ബിൽ, ക്ഷേമനിധിയിലേക്കുള്ള 200 രൂപയടക്കം അടയ്ക്കുകയും വേണം.
കരാറുകാർക്ക് നാല് മാസത്തെ വേതനം നൽകാത്തതിനാൽ എല്ലാ മാസവും 10നകം റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്നതും ഈ മാസം മുതൽ നിറുത്തി വച്ചിരിക്കുകയാണ്.
ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ഉത്സവബത്ത ഇനത്തിൽപ്പെട്ട 1,000 രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. മുൻവർഷങ്ങളിലെല്ലാം ഓണത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ഉത്സവബത്ത ലഭിക്കാറുണ്ടായിരുന്നു.
എല്ലാ മാസവും 10ന് മുമ്പെങ്കിലും വേതനം ലഭിക്കുന്ന സ്ഥിതിയുണ്ടാവണം. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഉടൻ തന്നെ റേഷൻ വിതരണം നിറുത്തി വയ്ക്കേണ്ട അവസ്ഥ വരും.