ഓങ്ങല്ലൂരിലെ ആക്രിവ്യാപാരി നടത്തിയത് 30 കോടിയുടെ നികുതിവെട്ടിപ്പ്, 200 കോടിയുടെ ഇടപാടുകൾ; അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2025/01/Arrest-1-1.jpeg)
കൊച്ചി: കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി പിടിയില്‍. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസറിനെയാണ് ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
ഇടപ്പള്ളിയിലെ അമൃത ആശുപത്രി റിസപ്ഷന് ലോഞ്ച് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖകള്‍ ചമച്ച് രജിസ്ട്രേഷനുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എണ്‍പതോളം വ്യാജ രജിസ്ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോടികളുടെ നികുതി വെട്ടിപ്പ് വിവരം പുറത്താവുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാസറിന്റെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസില്‍ എത്തിച്ച നാസറിനെ ഇപ്പോള്‍ വിശദമായി ചോദ്യംചെയ്യുകയാണ്.
അതേസമയം, സമാനമായ നാലോളം കേസുകള്‍ സംസ്ഥാനത്ത് ഇതിന് മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ഓങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് സമാനമായ രീതിയില്‍ വ്യാജ രജിസ്ട്രേഷനുകള്‍ ഉപയോഗിച്ച് ആക്രിവ്യാപാരം നടത്തി കോടികളുടെ നികുതി വെട്ടിച്ച കേസില്‍ ഓങ്ങല്ലൂര്‍ സ്വദേശിയായ ഉസ്മാനെ ജി.എസ്.ടി. ഇന്റലിജന്‍സ് പിടികൂടിയിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)