KERALA

സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി:ഏപ്രിൽ മുതൽ നടപ്പാകും

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി നൽകാം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട്‌ വരുന്നതോടെയാണ് പുതിയ സൗകര്യമൊരുക്കുന്നത്. ഇതോടെ കൂടുതൽ സുതാര്യമായും കാലതാമസമില്ലാതെയും സേവനം ലഭ്യമാക്കാനാകും. അപേക്ഷയുടെ നിലവിലെ സ്ഥിതിയും കെസ്മാർട്ടിലൂടെതന്നെ അറിയാം. കോർപറേഷൻ, ന​ഗരസഭ, പഞ്ചായത്ത് പരിധിയിലുള്ള എല്ലാവർക്കും സേവനം ലഭ്യമാകുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പാകും കേരളം നടത്തുക. അപേക്ഷിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് സോഫ്റ്റ് വെയർ തന്നെ വിവരം നൽകുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച് അപേക്ഷ നൽകാനാകും.
കെസ്മാർട്ട് വഴി സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും സ്വീകരിച്ച് തുടങ്ങുന്നതോടെ പദ്ധതി കൂടുതൽ സുതാര്യമാകും. കെസ്മാർട്ട് ആധാർ വഴി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ അനർഹരെ ഒരു പരിധിവരെ തിരിച്ചറിയാനുമാകും. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക കെ സ്മാർട്ടിൽ ലഭ്യമായതിനാൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പൊതുജനങ്ങൾക്കും ചൂണ്ടിക്കാണിക്കാനാകും

വിവിധ വകുപ്പുകളുടെയും സമിതികളുടെയും പരിശോധനയിലൂടെയാണ് പെൻഷൻ അനുവദിക്കുന്നത്. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ 40 ദിവസത്തിനകം തീരുമാനമെടുക്കണം. റിപ്പോർട്ട് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കും. പിന്നീടത് തദ്ദേശ ഭരണസമിതിയിൽ അംഗീകരിക്കുകയും ഗ്രാമസഭയിൽ പ്രസിദ്ധപ്പെടുത്തുകയും പെൻഷൻ അനുവദിക്കുകയും ചെയ്യും. കെസ്മാർട്ടിലൂടെ ഈ ഘട്ടങ്ങൾ ഓരോന്നും അപേക്ഷകന് അറിയാനാകും.

ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം കുറയ്‌ക്കാനുമാകും. ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, വസ്‌തു നികുതി, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി സ്വീകരിക്കൽ, കൗൺസിൽ, പഞ്ചായത്ത്‌ യോഗ നടപടികൾ, വ്യാപാര ലൈസൻസ്‌, വാടക, പാട്ടം, തൊഴിൽ നികുതി, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ്‌ ലൈസൻസ്, തദ്ദേശ സ്ഥാപന പദ്ധതികൾ, സേവന പെൻഷൻ, ഭൂമി സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ ആപ്പ്, കോൺഫിഗറേഷൻ മൊഡ്യൂൾ, സിവിൽ രജിസ്ട്രേഷൻ എന്നീ സേവനങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button