വ്യാപാരി സുരക്ഷാ പദ്ധതി:മരണമടഞ്ഞ മൂന്ന് വ്യാപാരികളുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ ധനസഹായമായി നൽകും
കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല കൗൺസിൽ യോഗവും വ്യാപാരി സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരുന്ന മരണപ്പെട്ട 3 വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കുള്ള 30 ലക്ഷം രൂപ ധന സഹായ വിതരണവും ജനുവരി 4ന് വാവനൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിലിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജന.സെക്രട്ടറി കെ.എ ഹമീദ് റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.കെ ഹരിദാസ് വരവ് ചിലവ് കണക്കും അവതരിപ്പിക്കും. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ നിന്നായി വ്യാപാരികളും, ജില്ലാ കൗൺസിൽ അംഗങ്ങളുമായി 800 പേർ യോഗത്തിൽ പങ്കെടുക്കും.
പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി ഷക്കീർ, തൃത്താല മണ്ഡലം പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ കെ.ആർ ബാലൻ, മണ്ഡലം ജന സെക്രട്ടറി മുജീബ് റഹ്മാൻ, സ്വാഗത സംഘം വൈസ് ചെയർമാൻ ഷമീർ വൈക്കത്ത്, കരീം കുമ്പിടി എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.