കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ 30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴിച്ചുമൂടി; കിണറുകളിലേയ്ക്ക് വ്യാപിക്കുമെന്ന ആശങ്കയിൽ നാട്ടുകാർ
![](https://edappalnews.com/wp-content/uploads/2024/12/images-2.jpeg)
കുന്നംകുളം: വർഷങ്ങളുടെ പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴി കുത്തി മൂടിയതായി നാട്ടുകാരുടെ ആരോപണം. ഏകദേശം 30 വർഷമായി ഉപയോഗിക്കാത്ത മരുന്നുകളാണ് ഇങ്ങനെ നശിപ്പിച്ചത്. കുന്നംകുളം നഗരത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബയോക്സ് എന്ന് പേരായ സ്വകാര്യ ആയുർവേദ മരുന്ന് ഉത്പ്പാദന കമ്പനിയുടെ കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകൾ ഗോഡൗൺ ഉൾപ്പെടെയുള്ള കെട്ടിടം വാങ്ങിയവർ സ്വകാര്യമായി കുഴിച്ചുമൂടി എന്നാണ് നാട്ടുകാർ പറയുന്നത്.
നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന കുന്നംകുളം പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 30 വർഷത്തിലധികം പഴക്കമുള്ള ആയുർവേദ അരിഷ്ടം ഉൾപ്പെടെയുള്ള മരുന്നുകൾ കുഴിച്ചുമൂടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. നാട്ടുകാർ എത്തുമ്പോഴേക്കും ആയുർവേദ മരുന്നുകൾ പൂർണമായി കുഴിച്ചുമൂടിയിരുന്നു. കഴിഞ്ഞ ദിവസം 500,1000 ലിറ്റർ ടാങ്കുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ഉപയോഗശൂന്യമായ കിണറ്റിൽ ഒഴിച്ചു കളഞ്ഞിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ള മരുന്നുകൾ കുഴിച്ചു മൂടരുതെന്ന് താക്കീത് നൽകിയിരുന്നു. പരിസരത്തെ കിണറുകളിലേക്ക് മരുന്ന് വ്യാപിക്കുമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ആയുർവേദ മരുന്നുകൾ ഒഴുക്കിയ കിണർ നഗരസഭ ആരോഗ്യ വിഭാഗം വറ്റിച്ചിരുന്നു.
ദിവസങ്ങൾക്കുള്ളിൽ 400 ലിറ്ററിൻ്റെ 25 കന്നാസുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ആളൊഴിഞ്ഞ പറമ്പിൽ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. തുടർന്ന് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. ശേഖരൻ സെക്രട്ടറി കെ ബി വിശ്വനാഥൻ, വാർഡ് കൗൺസിലർ മിനിമ മോൻസി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.രഞ്ജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എംഎസ് ഷീബ, എസ് രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)