KERALA

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം  നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ.
ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

എഴുന്നള്ളത്തിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലപരിധി ഏർപ്പെടുത്തുന്നത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button