KERALA

കോട്ടയം-നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് ട്രെയിന്‍ സർവ്വീസ് ആരംഭിച്ചു.

മലപ്പുറം: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂർ-ഷൊർണൂർ പാതയിൽ ഇന്ന് മുതൽ പകൽ സമയം ട്രെയിൻ ഓടി തുടങ്ങും. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23-ന് നിർത്തിയ കോട്ടയം- നിലമ്പൂർ ട്രയിനാണ് വ്യാഴാഴ്‌ച മുതൽ സർവീസ് നടത്തുന്നത്. പുലർച്ചെ 5.15 ന് കോട്ടയത്ത് നിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട സ്പെഷ്യൽ എക്സ്പ്രസ് ട്രയിൻ 10.10-നാണ് ഷൊർണൂരിൽ എത്തുക തുടർന്ന് 11.45-ന് നിലമ്പൂരിലും എത്തും. വൈകീട്ട് 3.10-ന് നിലമ്പൂരിൽ നിന്ന് മടങ്ങുന്ന വണ്ടി രാത്രി 10.15-ന് കോട്ടയത്ത് തിരിച്ചെത്തും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്ര ചെയ്യാനാവുക. നേരത്തേ കോട്ടയം- നിലമ്പൂർ പാസഞ്ചറായാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ എക്സ്‌പ്രസ് വണ്ടിയായാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. എക്സ്‌പ്രസ്‌ ആയതോടെ നിലമ്പൂർ- ഷൊർണൂർ പാതയിൽ നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ സ്റ്റോപ്പ് ഉണ്ടാവുക. സ്ലീപ്പർ, എ.സി. ഉൾപ്പെടെയുള്ള കോച്ചുകൾ വരും. വേഗം കൂടുന്നതോടെ യാത്രക്കാർക്ക് സമയ ലാഭവുമുണ്ടാകും. നിലവിൽ നിലമ്പൂർ- ഷൊർണൂർ പാതയിൽ രാജ്യറാണി മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. പകൽ വണ്ടികളൊന്നും ഇല്ലാത്തത് ഈ പാതയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. പകൽ വണ്ടികളുടെ സർവീസ് പുനരാരംഭിക്കുക, രാജ്യറാണി എക്സ്‌പ്രസ് നാഗർകോവിൽ വരെ നീട്ടുക, ചരക്കു വണ്ടികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രയിൻ ടൈം കൂട്ടായ്മ ഉൾപ്പെടെ വിവിധ സംഘടനകൾ സമരത്തിന് ഇറങ്ങിയതോടെയാണ് കോട്ടയം- നിലമ്പൂർ എക്സ്പ്രസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button