KERALA

മിസ്ഡ്കോൾ വല, വിവാഹം, ഹണിട്രാപ്; 3.75 ലക്ഷം തട്ടി, നാലംഗ സംഘം പിടിയിൽ

കാസർകോട് : എറണാകുളം സ്വദേശിയെ വിവാഹത്തട്ടിപ്പില്‍പ്പെടുത്തി സ്വർണവും പണവും തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളും യുവതിയും ഉള്‍പ്പെടെ അറസ്റ്റില്‍. കാസർകോട് നായന്മാർമൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി എൻ.എ.ഉമ്മര്‍, ഭാര്യ ഫാത്തിമ, പരിയാരം സ്വദേശി ഇക്ബാൽ എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. ഇയാളുടെ 3.75 ലക്ഷം രൂപയും സ്വർണവും പ്രതികള്‍ തട്ടിയെടുത്തിരുന്നു. വിവാഹത്തട്ടിപ്പിന് ശേഷം ഹണിട്രാപ്പ്, അതാണ് വ്യാപാരി ഇരയായ തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത്. മിസ്ഡ് കോളിലൂടെയാണ് പ്രതികളിലൊരാളായ സാജിദ വ്യാപാരിയെ വലയിലാക്കിയത്.

ഉമ്മറിന്‍റെയും ഫാത്തിമയുടെയും മകളാണ് സാജിദ എന്നു തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. ഓഗസ്റ്റ് രണ്ടിന് ഇയാളെ കാഞ്ഞങ്ങാട് എത്തിച്ച് പ്രതികള്‍ കല്യാണ നാടകം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവ്വൽ പള്ളിയിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചു. സ്വകാര്യ നിമിഷങ്ങളിലെ രംഗങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും വാങ്ങി.

Honey-Trap-Ernakulam-Kasargod
എൻ.എ.ഉമ്മര്‍, ഫാത്തിമ, ഇക്ബാൽ, സാജിദ
ആദ്യം പണം നല്‍കിയെങ്കിലും പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണു പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ സാജിദ സമാന കേസുകളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിപ്പട്ടികയിലുള്ളയാളാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button