Local newsMALAPPURAM

സുബ്രതോ കപ്പ് വീണ്ടും അത്താണിക്കൽ എംഐസി സ്കൂളിന്

മഞ്ചേരി∙ സുബ്രതോ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ജില്ലാ ജേതാക്കളായി അത്താണിക്കൽ എംഐസി സ്കൂൾ ടീം. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വാശിപ്പോരാട്ടത്തിൽ ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്താണിക്കൽ എംഐസി സ്കൂൾ വീഴ്ത്തിയത്. അത്താണിക്കലിനായി അക്ഷയ് ബിനു, എം.മുഹമ്മദ് റിഷാദ് എന്നിവർ ഗോൾ നേടി. വി.അവിനാശ് ആണ് ചേലേമ്പ്രയുടെ സ്കോറർ.

കഴിഞ്ഞ തവണ സുബ്രതോ കപ്പ് ദേശീയ ചാംപ്യൻഷിപ്പിൽ എംഐസി ടീം ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നിലമ്പൂർ ഗവ.മാനവേദൻ ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. തിരുവാലി ജിഎച്ച്എസ്എസിനെയാണു തോൽപിച്ചത്. മാനവേദനായി അലീന അഷ്റഫ് ഹാട്രിക് നേടി. കഴിഞ്ഞ വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ആകെ 4 ടീമുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇത്തവണ അത് 11 ടീമായി ഉയർന്നു.

സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസ് ആണ് ജില്ലാ ജേതാക്കൾ. അരീക്കോട് എസ്ഒഎച്ച്എസ്എസിനെയാണ് തോൽപിച്ചത്. ജൂനിയർ (ആൺ, പെൺ) സബ്ജൂനിയർ (ആൺ) വിഭാഗങ്ങളിൽ ജില്ലാ ജേതാക്കളായ ടീമുകൾ സംസ്ഥാനതലത്തിലേക്കു യോഗ്യത നേടി. അടുത്ത മാസമാണു സംസ്ഥാന ചാംപ്യൻഷിപ്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ജില്ലാ ജേതാക്കളായവർക്കും റണ്ണേഴ്സിനും സംഘാടകർ പ്രത്യേക ട്രോഫി ഏർപ്പെടുത്തിയിരുന്നു.സമ്മാന വിതരണച്ചടങ്ങ് സന്തോഷ് ട്രോഫി മുൻ താരവും കേരള പൊലീസ് ടീം അംഗവുമായ ഫിറോസ് കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. റവന്യു ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ഷാജിർ, ജില്ലാ കോഓർഡിനേറ്റർ ഡി.ടി.മുജീബ്, ഐഎസ്എൽ റഫറി വി.പി.എ.നാസർ, ഡിഎഫ്എ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button