റോഡരികിലെ കൂറ്റൻ പൈപ്പുകൾ കാടുമൂടി അപകട ഭീഷണി
തിരൂർ : റോഡരികിൽ മാസങ്ങളായി ജല അതോറിറ്റി കൊണ്ടിട്ട കൂറ്റൻ പൈപ്പുകൾ കാടുമൂടി അപകട ഭീഷണി ഉയർത്തുന്നു. ജലജീവൻ മിഷൻ പദ്ധതിക്കു വേണ്ടിയാണ് മാസങ്ങൾക്കു മുൻപ് പൈപ്പുകൾ റോഡരികിൽ ഇറക്കിയത്. ഇതുവരെ പണി തുടങ്ങിയിട്ടില്ല. തൃപ്രങ്ങോട്, പുറത്തൂർ, മംഗലം, തലക്കാട്, വെട്ടം എന്നീ പഞ്ചായത്തുകളിലേക്കു വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിയാണിത്. ഇതിനായി ചമ്രവട്ടം പാതയിൽ പെരുന്തല്ലൂർ മുതൽ പാറശ്ശേരി വരെയും കുറ്റിപ്പുറം പാതയിൽ ആലത്തിയൂർ മുതൽ ബീരാഞ്ചിറ വരെയുമാണ് റോഡരികിൽ പൈപ്പുകൾ ഇറക്കിയിട്ടുള്ളത്. മഴ പെയ്തതോടെ പുൽക്കാട് രൂപപ്പെട്ടും കുറ്റിച്ചെടികൾ വളർന്നും പൈപ്പുകൾ കാണാത്ത സ്ഥിതിയാണ്.ഇത് വീതി കുറഞ്ഞ റോഡിൽ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കാൽനടയാത്രക്കാർക്ക് റോഡരികിൽ കൂടി നടക്കാനുള്ള സ്ഥലവും ലഭ്യമല്ല. 3 മാസം മുൻപ് ബീരാഞ്ചിറയിൽ രാത്രി ബൈക്കുമായി വന്ന യുവാവ് അപകടത്തിൽ മറിഞ്ഞ് പൈപ്പിൽ ഇടിച്ച് മരിച്ചിരുന്നു. ആലിങ്ങലിൽ കാറും ലോറിയും പൈപ്പിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. തുടർന്ന് പൈപ്പ് മാറ്റണമെന്ന പ്രതിഷേധമുണ്ടായപ്പോൾ കരാറുകാരൻ ചിലയിടങ്ങളിൽ അറിയിപ്പ് സ്ഥാപിച്ചു. ഈ അറിയിപ്പുകൾ പോലും നിലവിൽ കാണാത്ത സ്ഥിതിയാണ്. വഴിയിൽനിന്ന് പൈപ്പുകൾ ഉടൻ നീക്കം ചെയ്യുകയോ ഇതു മൂടി നിൽക്കുന്ന പുൽക്കാടുകൾ വെട്ടിമാറ്റി അറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.