തിരുന്നാവായ നെച്ചിപ്പാടം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു
തിരുനാവായയിൽ നവീകരണ പദ്ധതിയുടെ ഭാഗമായാണ് നെച്ചിപ്പാടത്തു കുളത്തിലെ വെള്ളം പോവാനായി ജെസിബി ഉപയോഗിച്ച് റോഡിന്റെ നടുവിലൂടെ പൈപ്പിട്ടത്. ഈ പൈപ്പ് സ്ഥാപിക്കാനായി റോഡ് കുഴിച്ചതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. ജനങ്ങൾക്ക് നടന്നു പോകാൻ പോലും സാധിക്കാത്ത വിധം ചെളിയും വെള്ളവും നിറഞ്ഞ അവസ്ഥയിലാണിപ്പോൾ. നടക്കുമ്പോൾ കാൽമുട്ട് വരെ താഴ്ന്നു പോകാവുന്ന അവസ്ഥയാണ്. 65 ഓളം കുടുംബങ്ങളാണ് റോഡിനടുത്ത് താമസിക്കുന്നത്. ഈ ഭാഗങ്ങളിലേക്ക് വണ്ടികൾ പോലും ഇക്കാരണം കൊണ്ട് വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. അറിയാതെ വരുന്ന വണ്ടികൾ കുഴിയിൽ താഴ്ന്നു പോകുന്ന അവസ്ഥയാണ്. രോഗികളായ നാട്ടുകാരെ ആശുപത്രിയിൽ എത്തിക്കാനാണ് ഏറെ പ്രയാസപ്പെടുന്നത്. റോഡിന്റെ കാര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് അധികൃതരോട് നാട്ടുകാർക്ക് പറയാനുള്ളത്. എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുത്തില്ലെങ്കിൽ നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നാണ് പറയുന്നത്. കുടിവെള്ളത്തിനായി പൈപ്പ് എടുത്തത് പൊട്ടി കിടക്കുന്നതിനാൽ ഈ പ്രദേശവാസികളുടെ കുടിവെള്ള വിതരണവും വെട്ടിലായിരിക്കുകയാണ്