ഓപ്പൻഹെയ്മറിലെ മലയാളി
മലപ്പുറം : ക്രിസ്റ്റഫർ നോളന്റെ പുതിയ ഹോളിവുഡ് സിനിമ ‘ഓപ്പൻഹെയ്മർ’ ലോകമെങ്ങും കോടികൾ വാരുമ്പോൾ ഒരു മലയാളി ഹൃദയം സന്തോഷംകൊണ്ട് തുടികൊട്ടുന്നുണ്ട്. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഡിജിറ്റൽ കലാകാരന്മാരിൽ ഒരാളായ കണ്ണൂർ മമ്പറം സ്വദേശി രനിത്താണത്. സിനിമയിൽ ചില രംഗങ്ങളുടെ ഡിജിറ്റൽ ജോലികൾ ചെയ്തത് രനിത്താണ്.ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൻഹെയ്മറിന്റെ ജീവിതകഥയാണ് ഓപ്പൻഹെയ്മർ എന്ന സിനിമ. ബെംഗളൂരുവിലെ ‘ഡിനെഗ്’ എന്ന കമ്പനിക്കാണ് ഇതിന്റെ ചില ഡിജിറ്റൽ ജോലികളുടെ കരാർ ലഭിച്ചത്. ഈ കമ്പനിയിലെ ഡിജിറ്റൽ കലാകാരനാണ് രനിത്ത്. അങ്ങനെയാണ് ഇതിന്റെ ഭാഗമായത്. ആകാശമടക്കമുള്ള ചില പശ്ചാത്തലങ്ങളുടെ മാറ്റങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്നാൽ ഇതുവരെ ഈ സിനിമകാണാൻ കഴിഞ്ഞിട്ടില്ലെന്ന് രനിത്ത് പറയുന്നു. ലോകമെങ്ങും പ്രചരിക്കുന്ന ഓപ്പൻഹെയ്മറിന്റെ പോസ്റ്ററിൽ ഇദ്ദേഹത്തിന്റെ പേരുണ്ട്.സിനിമാ മേഖലയിലെ ഡിജിറ്റൽ ജോലികളാണ് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. നേരത്തേ മറ്റു രണ്ടു കമ്പനികളിൽ ജോലിചെയ്തിരുന്നു. ‘പുലിമുരുകൻ’ അടക്കം ചില മലയാള സിനിമകളിലും ഒട്ടേറേ തമിഴ് സിനിമകളിലും പ്രവർത്തിച്ചു. ഹോളിവുഡ് സിനിമകളായ ദ വിച്ചർ, നൈറ്റ് ടീത്ത്, നൈറ്റ് ബുക്ക്, റസിഡന്റ് ഈവിൾ, തേർട്ടീൻ ലൈവ്സ് എന്നിവയിലൊക്കെ രനിത്തിന്റെ കൈയൊപ്പുണ്ടായിരുന്നു.
ആനിമേഷൻ ടെക്നോളജി കോഴ്സ് കഴിഞ്ഞ് തലശ്ശേരി സ്കൂൾഓഫ് ആർട്സിൽനിന്ന് ഡിപ്ലോമയും നേടിയാണ് ഇദ്ദേഹം ഡിജിറ്റൽ രംഗത്തേക്കുവരുന്നത്. ഭാര്യ നീഹാരയും ഇതേ മേഖലയിൽത്തന്നെ ജോലിചെയ്യുന്നു. മമ്പുറം കീഴത്തൂർ വീട്ടിൽ രാഘവന്റേയും അനിതയുടേയും മകനാണ്. 2021-ൽ ഇറങ്ങിയ സയൻസ് ഫിക്ഷൻ സിനിമയായ ‘ഡ്യൂൺ’ രണ്ടാംഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ രനിത്ത്.