ആദിവാസി കുടുംബത്തിന്റെ അന്തിയുറക്കം ടെറസിൽ: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം : രണ്ടു കൊച്ചുമുറികൾ മാത്രമുള്ള വീട്; താമസിക്കുന്നതാകട്ടെ കൈക്കുഞ്ഞുങ്ങളടക്കം 25 പേർ. കിടക്കാനിടമില്ലാതാകുമ്പോൾ ഒറ്റമുളക്കോണി വഴി കുടുംബാംഗങ്ങൾ ടെറസിലേക്കു കയറും. അന്നത്തെയുറക്കം അവിടെ. മഴയുണ്ടെങ്കിൽ അതുമില്ല. ബന്ധുവീടുകളും അയൽവീടുകളും തന്നെ ആശ്രയം. പരിമിതികൾ കിടന്നുറങ്ങാൻ പോലും അനുവദിക്കാത്ത അകമ്പാടം പാറേക്കാട് കോളനിയിലെ ഈ ആദിവാസി കുടുംബത്തിന്റെ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥിന്റെ നടപടി. മലപ്പുറം കലക്ടർ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസർ, ജില്ലാ പട്ടികവർഗ വികസന ഓഫിസർ എന്നിവർക്കാണു നോട്ടിസ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് തിരൂരിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു. പാറേക്കാട് കോളനി നിവാസികളായ എഴുപതുകാരി കുറുമ്പയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ.
കുറുമ്പയും നാലു മക്കളും അവരുടെ മക്കളുമായി ആകെ 25 പേരുണ്ടു വീട്ടിൽ. കാലപ്പഴക്കം കൊണ്ടു ചുമരുകളടക്കം വിണ്ടുകീറിയ നിലയിലാണു വീട്. ചാലിയാർ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.