സുബ്രതോ കപ്പ്: കീഴുപറമ്പും അരീക്കോടും ജേതാക്കൾ


അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ നടന്ന അരീക്കോട് ഉപജില്ലാ സുബ്രതോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്. ജേതാക്കളായി. മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്കൂളിനെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് കിരീടം നേടിയത്. തുടർച്ചയായി രണ്ടാംതവണയാണ് കീഴുപറമ്പ് വിജയിക്കുന്നത്. സബ്ജൂനിയർ വിഭാഗത്തിൽ അരീക്കോട് എസ്.ഒ.എച്ച്.എസ്. എസ്സിനാണ് വിജയം. രണ്ട് ഗോളുകൾക്ക് എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാടിനെ തോൽപ്പിച്ചായിരുന്നു വിജയം. രണ്ടു വിദ്യാലയങ്ങളും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതനേടി. ഒ. മൂസക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ മുൻ താരം എ. അബ്ദുൽനാസർ ട്രോഫികൾ വിതരണംചെയ്തു. ഈ വർഷം കേരള ഫുട്ബാൾ അസോസിയേഷൻ മികച്ച സംസ്ഥാന റഫറീ ആയി തിരഞ്ഞെടുത്ത മെൽബിൻ തോമസിനേയും ഖത്തർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വോളന്റിയർ ടീം ലീഡർ ആയി സേവനംചെയ്ത അരീക്കോട് ഗവൺമെന്റ് ഹൈസ്കൂൾ കായികാധ്യാപകൻ ഡോ. കെ. മുബഷീറിനേയും ചടങ്ങിൽ ആദരിച്ചു. നിഷാദ് കാഞ്ഞിരാല, ഷാനിൽ ചെമ്പകത്ത് എന്നിവർ പ്രസംഗിച്ചു. ഫൈനൽ മത്സരത്തിന് മുൻപ് ലഹരിക്കെതിരേ ബോധവത്കരണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ മുഹമ്മദ് അലി, എക്സൈസ് വിഭാഗത്തിലെ വിമുക്തി കോ-ഓർഡിനേറ്റർ ജീഷിൽ നായർ എന്നിവർ ക്ലാസെടുത്തു.
