അര കോടിയുടെ കുഴൽപണം: വേങ്ങരയിൽ രണ്ടുപേർ അറസ്റ്റിൽ
വേങ്ങര: കൊടുവള്ളിയിൽനിന്ന് ഓട്ടോയിൽ അനധികൃതമായി കടത്തുകയായിരുന്ന 53.8 ലക്ഷം രൂപയുടെ കറൻസി വേങ്ങര പിക്അപ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പിടികൂടി. രണ്ടുയുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർ പണം കടത്താനുപയോഗിച്ച വാഹനവും പിടികൂടി. മഞ്ചേരി പുൽപറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം കിട്ടിയതനുസരിച്ച് ജില്ല പൊലീസ് മേധാവി സുജിതിന്റെ നിർദേശപ്രകാരം വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫ, എസ്.ഐ ടി.ഡി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ വേങ്ങര പിക്അപ് സ്റ്റാൻഡിനടുത്ത് വെച്ചാണ് കുഴൽപണം പിടികൂടിയത്. കൊടുവള്ളിയിൽനിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാണിതെന്ന് സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലീസ് പറഞ്ഞു