ജില്ലയിലെ കേസുകളിൽ വര്‍ദ്ധനവ്; ഗൂഢാലോചനയുടെ ഭാഗം; പോലീസ് മേധാവി സുജിത്ത് ദാസിനെതിരെ എംഎസ്എഫ്
മലപ്പുറം: മലപ്പുറം ജില്ലയിലെ പോലീസ് മേധാവിയായ സുജിത്ത് ദാസ് ചുമതലയേറ്റതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ 100% ത്തില്‍ അധികം വര്‍ദ്ധനവ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് പറഞ്ഞു. ജില്ലയിലെ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് എടുപ്പിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും പികെ നവാസ് ആവശ്യപ്പെട്ടു.മലപ്പുറം പ്രസ് ക്ലബ്ബില്‍വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണം പികെ നവാസ് ഉന്നയിച്ചത്. 2017 മുതല്‍ 2020 വരെ 36,000 ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ ഇദ്ദേഹം ചാര്‍ജ്ജെടുത്ത് ഒന്നര വര്‍ഷം കഴിയുമ്പോള്‍ 56,000ത്തോളം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയുടെ പൈതൃകത്തെയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയും ഇകഴ്ത്തി കാണിക്കാന്‍ മുന്‍ എബിവിപി പ്രവര്‍ത്തകനായ ജില്ലാ പോലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്.എംഎസ്എഫ് സമരങ്ങള്‍ നടക്കുമ്പോള്‍ മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത രീതിയില്‍ അസാധാരണമായി കേസുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് ഇദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നു. ചെറിയ പെറ്റി കേസുകളിൽ പോലും എംഎസ്എഫ് പ്രവര്‍ത്തകരുടെ വീട്ടില്‍ പോയി ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നു. ജില്ലയില്‍ ഇടത്-ബിജെപി സംഘടനകള്‍ സമാനമായി നടത്തുന്ന സമരങ്ങള്‍ക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയാണ്. ഇത്തരം ചെയ്തികളുടെ പിന്നിലെ ഗൂഢലക്ഷ്യം എംഎസ്എഫ് അന്വേഷിക്കുകയും ചില കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നും പികെ നവാസ് പറഞ്ഞു.
കേരളത്തില്‍ കുറച്ച് കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമാദമായ കേസില്‍ പ്രതിയായ മോന്‍സ് മാവുങ്ങലും ഇദ്ദേഹവും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. മെയ് 12, 2019 ആലുവയില്‍ വെച്ച് നടന്ന ജില്ലാ പോലീസ് മേധാവിയുടെ വിഐപികള്‍ മാത്രം പങ്കെടുത്ത കല്യാണ ചടങ്ങില്‍ മോന്‍സ് മാവുങ്ങല്‍ പങ്കെടുത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും പികെ നവാസ് ആരോപിച്ചു.
ഈ അടുത്ത് കാലത്ത് ആത്മഹത്യ ചെയ്ത മലപ്പുറം പത്തപ്പിരിയം എഎസ്‌ഐ ശ്രീകുമാറിന്റെ മരണത്തിന്റെ ഉത്തരവാദി ഈ പോലീസ് മേധാവിയാണ്. ശ്രീകുമാറിന്റെ കുടുംബ പ്രശ്‌നത്തില്‍ അനാവശ്യമായി ഇടപെടുകയും കീഴ് ഉദ്ധ്യോഗസ്ഥൻ എന്ന പരിഗണന പോലും നല്‍കാതെ മാനസികാമയി പീഡിപ്പിച്ചതിന്റെ പേരിലാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. തന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും നിരന്തരം പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം പീഡനം തുടരുകയായിരുന്നു. മങ്കടയില്‍ വെച്ച് ശ്രീകുമാറും ഒരു വ്യക്തിയും തമ്മിലുണ്ടായ ചെറിയ വാക്ക് തര്‍ക്കത്തിന്റെ പേരില്‍ പരാതിക്കാര്‍ ഇല്ലാതിരുന്നിട്ടും ശ്രീകുമാറിനെതിരെ 81/2021 എന്ന കേസ് നമ്പര്‍ പ്രകാരം മദ്യപ്പിച്ചെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അതിന്റെ പേരില്‍ ശ്രീകുമാറിനെ സസ്‌പെന്റ് ചെയ്തെന്നും നവാസ് പറഞ്ഞു.