കൂരമാനിനെ വേട്ടയാടിയ മൂന്നുപേർ ജഡവും നാടൻ തോക്കുമായി പിടിയിൽ
![](https://edappalnews.com/wp-content/uploads/2023/07/2024998-untitled-1.webp)
![](https://edappalnews.com/wp-content/uploads/2023/07/P-IMG-20230717-WA0002-791x1024.jpg)
നിലമ്പൂർ: വേട്ടയാടി പിടിച്ച കൂരമാനിന്റെ ജഡവും നാടൻ തോക്കും വേട്ടക്കായി ഉപയോഗിച്ച അനുബന്ധ സാധനസാമഗ്രികളുമായി മൂന്നുപേർ വനപാലകരുടെ പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു.മമ്പാട് പന്തലിങ്ങൽ സ്വദേശികളായ നീർമുണ്ട സക്കീർ ഹുസൈൻ (53), ചെന്നൻകുളം അബ്ദുൽ മുനീർ (38), ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട് മുല്ലത്തൊടിക അജ്മൽ (24) എന്നിവരെയാണ് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.കെ. മുഹസിനും സംഘവും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന കോണമുണ്ടയിലെ രാഗേഷ് ഓടിരക്ഷപ്പെട്ടു.
അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എടക്കോട് തണ്ണിപൊയിലിൽനിന്ന് പുലർച്ച 2.30ഓടെയാണ് സംഘം പിടിയിലായത്. കൂരമാനിന്റെ ജഡവും നാടൻ തോക്കും കൂടാതെ 11 തിരകൾ, കാലി കെയ്സ്, രണ്ട് ബൈക്ക്, കത്തി, ഹെഡ് ലൈറ്റ് എന്നിവയും സംഘത്തിൽനിന്ന് പിടിച്ചെടുത്തു. വേട്ടയാടിയ മൃഗവുമായി വരുന്നതിനിടെ വനപാലകർ ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് രാഗേഷ് ഓടിരക്ഷപ്പെട്ടത്. രാത്രി പത്തോടെയാണ് ഈ മേഖലയിൽ മൃഗവേട്ട നടക്കുന്നതായി വനപാലകർക്ക് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് വനത്തിൽ വേട്ടസംഘത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)