KERALA

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ജനനായകൻ വിടവാങ്ങി. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവിൽ ചിന്മമിഷയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 4:25 ആയിരുന്നു അന്ത്യം. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനും കേൾക്കാനും പരിഹരിക്കാനും ശ്രമിച്ച് അവർക്കിടയിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി

ജനങ്ങൾക്കിടയിൽ ജീവിച്ച്, ജനകീയതയുടെ പരകോടിയായിരുന്നു നേതാവെന്ന നിലയിൽ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. പുതുപ്പള്ളിയുടെ മണ്ണിൽ ആഴത്തിൽ വേരുകളാഴ്ത്തി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പടർന്നുപന്തലിച്ച മഹാവൃക്ഷമായിരുന്നു അദ്ദേഹം. നിയമസഭാ സാമാജികനെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരൻ എന്ന നിലയിലും ജനാഭിരുചിയുടെ മിടിപ്പുകൾ തിരിച്ചറിഞ്ഞ് നിങ്ങാൻ സവിശേഷ പ്രാഗത്ഭ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മൻ ചാണ്ടിയാണ് നിയമസഭാംഗമായി 53 വർഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വർഷക്കാലം മുഖ്യമന്ത്രിയായിരുന്നു.

തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്നു.

1943 ഒക്ടോബർ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽനിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമ ബിരുദവും നേടി. സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടർന്ന് എ.ഐ.സി.സി അംഗവുമായി.

യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി 1970 സെപ്റ്റംബർ 17-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ചുകൊണ്ടായിരുന്നു പാർലമെന്ററി രാഷ്ട്രീയത്തിൽ തുടക്കംകുറിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎൽഎ ആയിരുന്ന ഇഎം ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തിൽ വെന്നിക്കൊടിപാറിച്ചു. പിന്നീട് വിജയങ്ങളുടെ പരമ്പരയായിരുന്നു-1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021. എല്ലാത്തവണയും ഒരേ മണ്ഡലം- പുതുപ്പള്ളി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ: മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button