ചാലിശ്ശേരി പോലീസിന്റെ ഓപ്പറേഷൻ കുബേര നടപടിയിൽ 16 ഇരുചക്ര വാഹനങ്ങളും രണ്ട് ഫോർ വീലർ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു
![](https://edappalnews.com/wp-content/uploads/2023/07/download-9-6.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230706-WA0774-1024x1024.jpg)
ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നേതൃത്വത്തിൽ ചാലിശ്ശേരി പോലീസിന്റെ ഓപ്പറേഷൻ കുബേര നടപടിയിൽ 16 ഇരുചക്ര വാഹനങ്ങളും രണ്ട് ഫോർ വീലർ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ പലിശയ്ക്ക് പണം നൽകുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. അമിത പലിശയ്ക്ക് പണം നൽകി വന്നിരുന്ന തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ കൊച്ചു പറമ്പിൽ മൊയ്തുണ്ണിയുടെ വീട്ടിൽ നിന്നുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.അമിത പലിശയ്ക്ക് പണം നൽകി വരുന്നതുമായി ബന്ധപ്പെട്ട് സൂക്ഷിച്ച പുസ്തകങ്ങളും ഇയാളുടെ വസതിയിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനങ്ങളും അതുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ പ്രതി കൊച്ചു പറമ്പിൽ മൊയ്തുണ്ണി ഇത്തരത്തിൽ അമിതമായ പലിശ നിരക്കിൽ പണം നൽകി വരുന്നയാളാണെന്നു കണ്ടെത്താൻ സാധിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായും എസ് എച്ച് ഒ സതീഷ് കുമാർ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം തന്നെ പോലീസ് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇത്തരത്തിൽ അമിത പലിശ നിരക്കിൽ പണം നൽകുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുമെന്നും പോലീസ് അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)