‘മലപ്പുറത്തെ ക്രിമിനൽ ഹബ്ബായി ചിത്രീകരിക്കാൻ ബോധപൂർവം കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു’; മലപ്പുറം എസ്.പിക്കെതിരെ എം.എസ്.എഫ്
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എം.എസ്.എഫ്. മലപ്പുറത്തെ ക്രിമിനൽ ഹബ്ബായി ചിത്രീകരിക്കാൻ ബോധപൂർവം കേസുകളുടെ എണ്ണം വർധിപ്പിക്കുന്നതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് . എസ്.പി സുജിത്ത് ദാസിന്റെ മാനസിക പീഡനത്തെ തുടർന്നാണ് എ.എസ്.ഐ ശ്രീകുമാർ ആത്മഹത്യ ചെയ്തതെന്നും നവാസ് ആരോപിച്ചു.ആരോപണങ്ങൾക്ക് എസ്.പി മറുപടി പറഞ്ഞിട്ടില്ല.മുസ്‍ലിം ലീഗ് പ്രവർത്തകർക്ക് എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് നിരന്തരം കേസ് എടുക്കുകയും സി.പി.എ , ബി.ജെ.പി പ്രവർത്തകർക്ക് എതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. പൊലീസ് രേഖകളിൽ കൂടുതൽ കേസുകൾ കാണിച്ച് മലപ്പുറത്തെ ക്രിമിനൽ ഹബ്ബാക്കി ചിത്രീകരിക്കുകയാണ് എസ്.പിയുടെ ശ്രമമെന്നാണ് ആരോപണം.”എ.എസ്.ഐ ശ്രീകുമാർ ആത്മഹത്യ ചെയ്തത് എസ്.പിയുടെ മാനസിക പീഡനം തുടർന്നപ്പോഴാണ്. ആത്മഹത്യക്കുറിപ്പ് ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ശ്രീകുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം. പഠനകാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്ന സുജിത്ത്ദാസ് അതിനൊത്ത അജണ്ടയാണ് നടപ്പിലാക്കുന്നതെന്നാണ് ആരോപണം. മോൻസൻ മാവുങ്കലുമായും സുജിത്ത് ദാസിന് ബന്ധമുണ്ട്”. മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന സുജിത്ത് ദാസ് സ്വാധീനം ഉപയോഗിച്ചാണ് മലപ്പുറത്ത് തുടരുന്നതെന്നും പി.കെ നവാസ് ആരോപിച്ചു