കാറിൻ്റെ സീറ്റിനടിയിൽ രഹസ്യ അറ; പോലീസ് തുറന്നപ്പോൾ കണ്ടത് 80 ലക്ഷം രൂപ; ഒരാൾ പിടിയിൽ
മലപ്പുറം: മലപ്പുറത്തെ മേലാറ്റൂരിൽ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കക്കോടി കരുവട്ടൂർ സ്വദേശി റോഷ്‌ന നിവാസിൽ മുഹമ്മദ് ഷജിലി (47) യെയാണ് മേലാറ്റൂർ പോലീസ് പിടികൂടിയത്. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയാണ് കണ്ടെടുത്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഷജിലി പണവുമായി പിടിയിലാകുന്നത്. പണം കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്നാണ് ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടുവരുന്നത്. മലപ്പുറം ജില്ലയിൽ ഈ വർഷം 35 കേസുകളിലായി ഇരുപത്തിമൂന്നരക്കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 13ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽനിന്ന് 80,10,000 രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും.